ഹൈദരാബാദ്: കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ തെലങ്കാനയോട് ‘രണ്ടാനമ്മ’ നയമാണ് സ്വീകരിക്കുന്നതെന്ന് ഭാരതീയ രാഷ്ട്ര സമിതി( ബി.ആര്‍.എസ്) നേതാവും തെലങ്കാന വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു.
കേന്ദ്ര സര്‍ക്കാര്‍ തെലങ്കാനക്ക് പുതിയ സ്ഥാപനങ്ങളോ ഫണ്ടുകളോ അനുവധിച്ചിട്ടില്ലെന്നും, ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘എല്ലാവര്‍ക്കുമൊപ്പമാണ്, എല്ലാവരെയും വിശ്വാസത്തിലെടുത്താണ് അവരുടെ പ്രവര്‍ത്തനങ്ങളെന്നാണ് പറയുന്നത്. എന്നാലതെല്ലാം അസംബന്ധമാണ്. രൂപയുടെ മൂല്യം പാതാളത്തിലേക്കാണ് പോകുന്നത്, കടം ആകാശത്തോളം ഉയരുകയാണ്. ഇത്തരമൊരു സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്,’ രാമറാവു മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളുടെ വായ്പകള്‍ എഴുതിത്തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ നേരത്തെ ലോക്‌സഭ പിരിച്ചുവിടുകയാണെങ്കില്‍ ബി.ആര്‍.എസ് തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും രാമറാവു പറഞ്ഞു.
‘സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ വലിയ കാര്യങ്ങളാണ് സംസാരിക്കുന്നത്. അവര്‍ക്കത്ര ധൈര്യമുണ്ടെങ്കില്‍ പാര്‍ലമെന്റ് പിരിച്ചുവിടട്ടെ. അപ്പോള്‍, നമുക്ക് ഒരുമിച്ച് നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ നേരിടാം,’ രാമറാവു പറഞ്ഞു.
തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍ ശക്തമായ രാഷ്ട്രീയ പോരിനാണ് കളമൊരുങ്ങുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളും കെ.സി.ആറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഉള്‍പ്പെടുത്തി ബി.ആര്‍.എസ് കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ ഖമ്മത്ത് ഒരു ലക്ഷത്തിലേറെ ആളുകളെ പങ്കെടുപ്പിച്ച് മഹാറാലിയും നടത്തിയിരുന്നു.