Film News
ലിയോയിലെ റോളക്‌സോ; ദളപതി ചിത്രത്തിലേക്ക് ധനുഷും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 05, 05:13 am
Wednesday, 5th July 2023, 10:43 am

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ലിയോ തെന്നിന്ത്യയില്‍ നിലവില്‍ ഏറ്റവമധികം ഹൈപ്പുള്ള ചിത്രമാണ്. സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, ഗൗതം മേനോന്‍, അനുരാഗ് കശ്യപ് എന്നിങ്ങനെ വന്‍താരനിരയാണ് ചിത്രത്തിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ കാസ്റ്റ് ഇനിയും വേറെ ലെവലിലേക്ക് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ലിയോയിലേക്ക് അടുത്തതായി എത്തുന്നത് ധനുഷാണെന്നാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

‘ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ധനുഷിന് പ്രൊജക്ടില്‍ താല്‍പര്യമുണ്ട്. എന്നാല്‍ അദ്ദേഹം സൈന്‍ ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാമിയോ റോളിന് വേണ്ടിയാണ് ടീം ധനുഷിനെ സമീപിച്ചത്. ഒരു ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനുണ്ടാവും,’ ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വിക്രത്തിലെ സൂര്യയുടെ വില്ലന്‍ കഥാപാത്രം പോലെ ഒന്നായിരിക്കും ലിയോയിലെ ധനുഷിന്റേതെന്ന അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പരക്കുന്നുണ്ട്.

ക്യാപ്റ്റന്‍ മില്ലറാണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ധനുഷ് ചിത്രം. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് മുന്നേയുള്ള കഥയായിരിക്കും ക്യാപ്റ്റന്‍ മില്ലര്‍ പറയുന്നത്.

രാഞ്ജന ടീം വീണ്ടും ഒന്നിക്കുന്ന തേരേ ഇഷ്‌ക് മേം എന്ന ഹിന്ദി ചിത്രവും ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന ചിത്രം യെല്ലോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിമാന്‍ഷു ശര്‍മയാണ് നിര്‍മിക്കുന്നത്. ഹിമാന്‍ഷു ശര്‍മയും നീരജ് യാദവും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

Content Highlight: According to reports in Tamil media, Dhanush will be seen in ‘Leo’