national news
നീറ്റില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 23, 10:28 am
Sunday, 23rd June 2024, 3:58 pm

ന്യൂദല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെ നീറ്റ് ക്രമക്കേടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കേസിന്റെ ഭാഗമായി സി.ബി.ഐ സംഘം ഉടന്‍ ഗുജറാത്തും ബീഹാറും സന്ദര്‍ശിക്കും. ബീഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് നീറ്റ് ക്രമക്കേടില്‍ ഇതുവരെ അന്വേഷണം നടത്തിയത്.

ഇതുവരെ നടത്തിയ എല്ലാ കണ്ടെത്തലുകളും അന്വേഷണ സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. അതിലെ കണ്ടെത്തുലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സി.ബി.ഐക്ക് കേസ് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ശനിയാഴ്ച തന്നെ സി.ബി.ഐ കേസ് ഏറ്റെടുത്തിരുന്നു. ക്രമക്കേട് ഉണ്ടായ സംസ്ഥാനങ്ങളിലെത്തി സി.ബി.ഐ സംഘം വിവരങ്ങള്‍ ശേഖരിക്കും.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ.ഡി കേസെടുക്കാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഹാര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

അതില്‍ പരിശോധന തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ പ്രതിപക്ഷം ഇപ്പോഴും ശക്തമായി എതിര്‍ക്കുന്നുണ്ട്.

വ്യാപം അഴിമതി സി.ബി.ഐ അന്വേഷിച്ചതാണെന്നും അത് എവിടെയും എത്തിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനാല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Content Highlight: CBI has registered an FIR in NEET