ഹൈദരാബാദ്: ദേശീയോത്ഗ്രഥനത്തിനും മത സൗഹാര്‍ദത്തിനും കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു എന്നാരോപിച്ച് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, വാട്‌സ് ആപ്പ്, ടിക്ടോക്ക് എന്നിവക്കെതിരെ കേസ്. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 ന് പുറമെ ഐ.പി.സിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ വരുംദിവസങ്ങളില്‍ത്തന്നെ നോട്ടീസ് നല്‍കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനിലെ സൈബര്‍ ക്രൈം വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ സില്‍വേരി ശ്രീശൈലം സമര്‍പ്പിച്ച ഹരജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.