Advertisement
Chengannur By-Election 2018
ചെങ്ങന്നൂരില്‍ വോട്ടിനായി പണം കൊടുത്ത സംഭവം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 05, 02:26 am
Thursday, 5th April 2018, 7:56 am

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മജിസ്ട്രേട്ട് രേഷ്മ ശശിധരനാണ് ബി.ജെ.പി എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ അരവിന്ദാക്ഷന്‍ പിള്ള എന്ന കെ.എ പിള്ളക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയത്.

ഐ.പി.സി 123 ഇ വകുപ്പുപ്രകാരമാണ് ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരെഞ്ഞടുപ്പില്‍ സാമ്പത്തികം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് കേസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയ്ക്ക് വോട്ട് ചെയ്യുന്നതിന് 2000 മുതല്‍ 5000 രൂപവരെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നുവെന്നായിരുന്നു പരാതി.

സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗം കൂടിയാണ് ക്യാപ്റ്റന്‍ കെ.എ പിള്ള. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളിലാണ് ഇയാള്‍ പണം വിതരണം ചെയ്യുന്നതെന്നായിരുന്നു പരാതി.


Also Read: 950 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ തിരിച്ചെടുക്കണമെന്ന് നേപ്പാള്‍


കൂടാതെ തൊഴില്‍ വാഗ്ദാനവും ചെയ്യുന്നുണ്ട്. സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് വോട്ടര്‍മാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇയാള്‍ക്കെതിരെ ഇടതുമുന്നണി രംഗത്തെത്തിയത്.

ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണംനല്‍കിയത്. കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെയും നല്‍കി. യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്ദാനം. മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നു പറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും. ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്.


Also Read:  മെഡിക്കല്‍ ക്രമക്കേട് ക്രമീകരണ ബില്‍; വിദ്യാഭ്യാസകച്ചവടക്കാരെ സഹായിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി


കെ.എ പിള്ളയുടെ സിങ്കപ്പൂര്‍ ബന്ധവും ബി.ജെ.പി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി.

കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെയാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനുമാണ് മത്സരിക്കുന്നത്.

Watch This Video: