സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് 2024ല്‍ പടിയിറങ്ങുന്നതോടെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്ത് പോയതിന് പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.
നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏറ്റവും കൂടുതല്‍ പരിഗണിച്ചിരുന്നത് ഇറ്റാലിയന്‍ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയെ ആയിരുന്നു. തുടക്കത്തില്‍ ആന്‍സലോട്ടി ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
എന്നാല്‍ ആന്‍സലോട്ടി റയല്‍ വിടുന്നതോടെ ബാഴ്‌സലോണയുടെ പരിശീലകനായേക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തില്‍ ആന്‍സലോട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏത് ക്ലബ്ബില്‍ പരിശീലിപ്പിക്കേണ്ടി വന്നാലും ബാഴ്‌സലോണയിലേക്ക് പോകാന്‍ ഒരുക്കമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും ബാഴ്‌സലോണയില്‍ ചേരില്ല. ആരെങ്കിലും അങ്ങനെ വിചാരിക്കുന്നെങ്കില്‍ അത് ഒരിക്കലും നടക്കാത്ത കാര്യമായിരിക്കുമെന്ന് അറിയുക. എന്റെ ചരിത്രം ഇവിടെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയല്‍ മാഡ്രിഡിലാണുള്ളത്. എന്നെ ഇവിടെയുള്ള ആളുകള്‍ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്,’ ആന്‍സലോട്ടി പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷം ജൂലൈയിലാണ് ആന്‍സലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക. 2026വരെയാണ് അദ്ദേഹം കരാറില്‍ ഒപ്പുവെക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.