തിരുവനന്തപുരം: ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.
ആദ്യ ടേമില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളുണ്ടായിരുന്നെന്നും, എന്നാല്‍ ഇത് അവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ക്രൈസ്തവ സമൂഹം ചെയ്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും ആലഞ്ചേരി പറഞ്ഞു.
പ്രധാനമന്ത്രി നല്ല നേതാവാണെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മൂന്ന് മുന്നണികളും അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ല. ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചിലര്‍ക്ക് വിയോജിപ്പുണ്ട്. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഉള്‍പ്പടെയുള്ള സാധ്യതകള്‍ ആളുകള്‍ പരിഗണിക്കും,’
ആലഞ്ചേരി പറഞ്ഞു.
മുസ്‌ലിം കള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്ന കാസ എന്ന സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗമല്ലെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ് ആലഞ്ചേരി മറുപടി പറഞ്ഞത്.
ലൗ ജിഹാദിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ ടേം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നുവെന്നത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി എന്ന നിലയില്‍ മോദി നല്ല നേതാവാണെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ദേശിച്ചതെന്നും അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ മാനം ഇതിനില്ലെന്നും അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സഭാ നേതൃത്വം പ്രതികരിച്ചു. ആലഞ്ചേരി പറഞ്ഞതിന്റെ സാരാംശം തെറ്റിദ്ധരിപ്പിക്കും വിധം അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ അതൃപ്തി അറിയിച്ചെന്നും സഭാ നേതൃത്വം പറഞ്ഞു.