മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്.
45കാരനായ സ്ഥാനാര്‍ത്ഥിയാണ് വാളുപയോഗിച്ച് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ പാടുര്‍ താലൂക്കിലെ ഖംഖേദ് വില്ലേജിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രതി ഗ്രാമപഞ്ചായത്ത് അംഗമാകാനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നും, എന്നാല്‍ തെരഞ്ഞെടുക്കപ്പെടാത്തതില്‍ അസ്വസ്ഥനായ ഇയാള്‍ വാള്‍ വീശി ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തയായി പൊലീസ് പറഞ്ഞു.
ഇയാളുടെ കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞ 30 വര്‍ഷമായി ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും, എന്നാല്‍ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വി ഇയാളെ രോക്ഷാകുലനാക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അക്രമത്തിന് പിന്നാലെ പ്രതിയായ 45 വയസുകാരന്‍ ഒളിവിലാണെന്നും, ഇയാള്‍ക്കെതിരെ ആയുധ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.