Kerala
പ്രണയത്തിന് മുന്‍പില്‍ ക്യാന്‍സറും തോറ്റു, കണ്ണീരണിയിക്കും ഈ പ്രണയകഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 07, 04:45 pm
Friday, 7th September 2018, 10:15 pm

അര്‍ബുദത്തിന് എല്ലാവരെയും കീഴ്‌പ്പെടുത്തിയാണ് ശീലം. പക്ഷെ മലപ്പുറം സ്വദേശികളായ ഭവ്യയുടെയും സച്ചിന്റെയും പ്രണയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുന്‍പില്‍ അര്‍ബുദവും മുട്ടുമടക്കി. കാരണം അവര്‍ക്ക് തോല്‍ക്കാന്‍ മനസ്സുണ്ടായിരുന്നില്ല. പരസപരം ഇഷ്ട്ടപെട്ടതും ഒന്നിച്ചതുമെല്ലാം ഒരുമിച്ചുള്ള ഒരു ജീവിതം എന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നു..

അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. അവിടെ നിന്നാരംഭിച്ച സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കാത്താന്‍ വെറും ആറ് മാസം തന്നെ ഇരുവര്‍ക്കും ധാരാളമായിരുന്നു. അത്രമേല്‍ അവര്‍ പരസ്പരം പ്രിയപ്പെട്ടവരായി മാറിയിരുന്നു. അവര്‍ സ്വപ്നങ്ങള്‍ കാണാനും ആരംഭിച്ചിരുന്നു. പ്രണയ മധുരം നുകര്‍ന്ന് ഒന്നിച്ചുള്ള ജീവിത പ്രയാണത്തിന് ഒരുങ്ങുമ്പോഴാണ് ഭവ്യയുടെയും സച്ചിന്റെയും ഇടയിലേക്ക് വില്ലന്റെ രൂപത്തില്‍ ക്യാന്‍സര്‍ കടന്നു വരുന്നത്.


ALSO READ: നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക്;ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി


തന്റെ പ്രണയിനിയെ പുറംവേദനയുടെ രൂപത്തിലെത്തിയ രോഗം ദയാദാക്ഷണ്യമില്ലാതെ വേട്ടയാടാന്‍ തുടങ്ങിയതോടെ അവളുടെ കൈകള്‍ സച്ചിന്‍ ചേര്‍ത്തു പിടിച്ചു.

അസുഖം സ്ഥിരീകരിച്ചപ്പോഴും പ്രണയത്തില്‍ നിന്ന് പിന്നോട്ടു പോവാതെ ഒരുമിച്ച് നിന്ന് രോഗത്തിനെതിരെ പോരാടാന്‍ അവര്‍ തീരുമാനിച്ചു. സാമ്പത്തികം വില്ലനായപ്പോള്‍ തന്റെ ഉപരിപഠനവും ഇഷ്ടപെട്ട ജോലിയും ഉപേക്ഷിച്ച സച്ചിന്‍ കൂലിപ്പണിക്കിറങ്ങി. നാട്ടുകാരും വീട്ടുകാരും താങ്ങായി അവരുടെ കൂടെ നിന്നു.

ചികിത്സക്കിടയില്‍ ആദ്യ കീമോ കഴിഞ്ഞപ്പോഴായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ഭവ്യ എട്ടാമത്തെ കീമോക്ക് തയ്യാറെടുക്കും മുന്‍പ് തന്നെ സച്ചിന്റെ സ്വപ്നം പോലെ ലളിതമായ ഒരു ചടങ്ങിലൂടെ അവന്റെ സഖിയായി ഭവ്യയെത്തി. രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ഭവ്യയെ സച്ചിന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചിരിക്കുകയാണിന്ന്.


ALSO READ: നെല്‍ക്കൃഷി വര്‍ദ്ധിപ്പിക്കുന്നത് കൃഷിമന്ത്രിക്ക് മോക്ഷം പോലെ; വി.എസ് സുനില്‍ കുമാറിനെ പരിഹസിച്ച് അഡീ.ചീഫ് സെക്രട്ടറി


ഭവ്യ ക്യാന്‍സറിനെ പൂര്‍ണമായും കീഴടക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പാണ്. പക്ഷെ സാമ്പത്തികമാണ് ഇവര്‍ക്ക് മുന്‍പില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ തീവൃ പ്രണയ സാക്ഷാല്‍ക്കാരത്തന്റെ വൈറലായതോടെയാണ് ഇവരുടെ കണ്ണ് നിറക്കുന്ന ഈ ജീവിത കഥ എല്ലാവരുമാറിയുന്നത്.

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്.

ഓരോതവണയും മുപ്പതിനായിരത്തോളം ചെലവ് വരുന്ന ചികത്സക്ക് സുമനസ്സുകളുടെ സഹായവും ഇവര്‍ സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.