കാനഡയില്‍ കഞ്ചാവ് മണക്കും: സെനറ്റ് അംഗീകാരത്തോടെ കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കി
World News
കാനഡയില്‍ കഞ്ചാവ് മണക്കും: സെനറ്റ് അംഗീകാരത്തോടെ കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 12:16 pm

കാനഡ: കാനഡയില്‍ കഞ്ചാവ് നിയമ വിധേയമാക്കി. രാജ്യത്ത് കഞ്ചാവ് നിയമ വിധേയമാക്കിയ ബില്ല് കാനഡ സെനറ്റ് അംഗീകരിച്ചു. നിയമം എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

59 അംഗങ്ങളുള്ള സെനറ്റില്‍ 52 പേരും നിയമത്തെ പിന്തുണച്ചു. ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു ട്രൂഡോ സര്‍ക്കാര്‍ തീരുമാനം.

കഞ്ചാവ് വളര്‍ത്തുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതാണ് നിയമം.

എന്നാല്‍ നിയമം നടപ്പാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ എട്ടുമുതല്‍ 12 ആഴ്ച വരെ സമയം ചോദിച്ചിട്ടുണ്ട്. ആയതിനാല്‍ സെപ്റ്റംബര്‍ മധ്യത്തോടെ നിയമം പൂര്‍ണമായും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കാനഡ സര്‍ക്കാര്‍ കരുതുന്നത്.


Also Read നെല്‍വയല്‍-നീര്‍ത്തട ഭേദഗതി നിയമത്തിന് നിയമസഭയുടെ അംഗീകാരം


ഉറുഗ്വായിക്കു ശേഷം ലോകത്ത് കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കാനഡ. ജി7 രാജ്യങ്ങളില്‍ ഒന്നാമത്തേതും.

എല്ലാ പ്രദേശങ്ങളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പനയ്ക്കുള്ള നിയമവും കാനഡയില്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

ബി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ലൈസന്‍സ് ഉള്ള വില്‍പ്പനക്കാരില്‍ നിന്നും കനാബിസ് എന്നറിയപ്പെടുന്ന കഞ്ചാവും അതിന്റെ ഓയിലും കാനഡക്കാര്‍ക്ക് ഇഷ്ടംപോലെ വാങ്ങിക്കാം. കൗമാരക്കാര്‍ക്ക് 30 ഗ്രാം മാത്രമേ വാങ്ങിക്കാന്‍ സാധിക്കൂ.