ലോകകപ്പ് സ്വന്തമാക്കിയെങ്കിലും മെസി എല്ലാം നേടിയോ? ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം നല്‍കപ്പെട്ട ആ പുരസ്‌കാരം മെസിക്ക് ലഭിക്കുമോ?
Football
ലോകകപ്പ് സ്വന്തമാക്കിയെങ്കിലും മെസി എല്ലാം നേടിയോ? ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം നല്‍കപ്പെട്ട ആ പുരസ്‌കാരം മെസിക്ക് ലഭിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 10:30 am

ഒടുവില്‍ ഫുട്‌ബോള്‍ ലോകകപ്പും സ്വന്തമാക്കി മെസി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഏഴ് തവണ ബാലണ്‍ ഡി ഓറും ഗോള്‍ഡന്‍ ബോളും നിരവധി ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ മെസിക്ക് ഇനിയും നേടാന്‍ സാധിക്കാത്ത ഒരു പുരസ്‌കാരമുണ്ട്. അതാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഒരിക്കല്‍ മാത്രമാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയിട്ടുള്ളത്. ഇക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ ആ പുരസ്‌കാരം എത്രത്തോളം പ്രസ്റ്റീജ്യസ് ആണെന്ന് വ്യക്തമാകും.

കായിക ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുരസ്‌കാരമായിട്ടാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ വിശേഷിപ്പിക്കപ്പെടുന്നത്. 30 വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനാണ് ഈ പുരസ്‌കാരം ലഭിക്കുക.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ അതിന്റെ 30-ാം വാര്‍ഷികം ആഘോഷിച്ച 1989-ലാണ് ഈ പുരസ്‌കാരം ആദ്യമായും അവസാനമായും കൈമാറിയത്. റയലിന്റെ എക്കാലത്തേയും ഇതിഹാസ താരം ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോയാണ് സൂപ്പര്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി ചരിത്രത്തില്‍ ഇടം നേടിയ ഏക താരം.

1956 നും 1960 നും ഇടയില്‍ റയല്‍ മാഡ്രിഡിനായി 308 ഗോളുകള്‍ നേടിയതിന് പിന്നാലെയാണ് ഈ പുരസ്‌കാരം ഡി സ്‌റ്റൈഫാനോയെ തേടിയെത്തിയത്. 1957ലെയും 1959ലെയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവും ഡി സ്റ്റെഫാനോ ആയിരുന്നു.

അന്ന് ലെജന്‍ഡുകളായ യോഹാന്‍ ക്രൈഫിനെയും മൈക്കല്‍ പ്ലാറ്റിനിയെയും പിന്തള്ളിയാണ് ഡി സ്‌റ്റെഫാനോ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

യൂറോപ്യന്‍ താരങ്ങള്‍ മാത്രമായിരുന്നു അന്ന് സൂപ്പര്‍ ബാലണ്‍ ഡി ഓറിനായി മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ജനിച്ചത് ബ്യൂണസ് ഐറിസിലാണെങ്കിലും സ്പാനിഷ് പാസ്‌പോര്‍ട്ട് ഉള്ളതിനാലാണ് ഡി സ്‌റ്റെഫാനോയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്.

അക്കാലയളവില്‍ ബാലണ്‍ ഡി ഓറിന് പോലും യൂറോപ്യന്‍ താരങ്ങളെ മാത്രമാണ് പരിഗണിച്ചിരുന്നത്. 1995ല്‍ ഇതില്‍ മാറ്റം വരുത്തുകയും മറ്റ് താരങ്ങളെ ബാലണ്‍ ഡി ഓറിനായി പരിഗണിക്കുകയും ചെയ്യുകയായിരുന്നു.

സൂപ്പര്‍ ബാലണ്‍ ഡി ഓറിനും യൂറോപ്യന്‍ താരങ്ങളെ മാത്രമേ പരിഗണിക്കൂ എന്നാണെങ്കില്‍ കൂടിയും മെസിക്ക് ഈ പുരസ്‌കാരം നല്‍കപ്പെടാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്.

കളിക്കുന്നതും ലോകകപ്പ് നേടിക്കൊടുത്തതും അര്‍ജന്റീനക്ക് വേണ്ടിയാണെങ്കിലും മെസിക്ക് സ്പാനിഷ് പൗരത്വമുണ്ട്.

ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം നല്‍കപ്പെട്ട പുരസ്‌കാരം 2022 ഖത്തര്‍ ലോകകപ്പിന് പിന്നാലെ മെസിക്ക് നല്‍കപ്പെടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Can Messi win Super Ballon De Or?