സിനിമയില്‍ സെലക്ടീവാകുന്ന സാഹചര്യങ്ങള്‍ തനിക്കുണ്ടായിരുന്നില്ലെന്ന് നടന്‍ കൈലാഷ്. വളരെ സാധാരണപ്പെട്ട കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണെന്നും സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സാഹചര്യം തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിയോറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
കഴിഞ്ഞ 14 വര്‍ഷത്തിനിടക്ക് താന്‍ സിനിമയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇക്കാലയളവില്‍ പട്ടിണി കിടക്കേണ്ടി വരികയോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും കൈലാഷ് പറഞ്ഞു.
‘വളരെ സാധാരണപ്പെട്ട ഒരു വീട്ടില്‍ നിന്നും സിനിമയിലെത്തിയ ആളാണ് ഞാന്‍. സിനിമ ആഗ്രഹിച്ച് ഒരു ടുവീലറില്‍ കൊച്ചിയിലെത്തിയതാണ്. വളരെ ഷാര്‍പ്പായി എടുക്കാവുന്ന ചില തീരുമാനങ്ങളുണ്ടായിരുന്നു. ചില സിനിമകള്‍ വേണ്ടെന്ന് വെക്കാമായിരുന്നു. കാരണം പല സിനിമകളുടെയും കാര്യത്തില്‍ എന്നോട് ആദ്യം പറഞ്ഞതായിരിക്കില്ല പിന്നീട് സംഭവിക്കുന്നത്.
എനിക്ക് വേണമെങ്കില്‍ നിങ്ങള്‍ പറഞ്ഞ കാര്യം തെറ്റി എന്ന് പറഞ്ഞുകൊണ്ട് പല സിനിമകളില്‍ നിന്നും മാറാമായിരുന്നു. അത്തരം ചില സ്റ്റാന്റുകള്‍ എനിക്ക് എടുക്കാമായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞവാക്കല്ലേ, ഞാന്‍ കമ്മിറ്റ് ചെയ്തതല്ലേ എന്നൊക്കെയുള്ള ചില ധാരണകള്‍ക്ക് പുറത്ത് നില്‍ക്കുകയാണ് ചെയ്തത്.
അതിന്റെ പേരില്‍ ഞാന്‍ വളരെ പോയിന്റഡായിട്ടുണ്ട് പലയിടത്തും. എനിക്കതറിയാം. പക്ഷെ നമ്മള്‍ അതിനെയും അഭിമുഖീകരിക്കുക എന്നതേയുള്ളൂ. അല്ലാതെ വളരെ സെലക്ടീവാകാനുള്ള സാഹചര്യങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും എനിക്ക് മാത്രമാണ്. വേണമെങ്കില്‍ എനിക്ക് ആരോടെങ്കിലും ചോദിക്കാമായിരുന്നു. പക്ഷെ അങ്ങനെ ചോദിക്കാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. തീരുമാനങ്ങളെല്ലാം എന്റേത് മാത്രമായിരുന്നു. അതുകൊണ്ട് അനന്തര ഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്.
ഇക്കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഒരു ദിവസവും പട്ടിണികിടക്കേണ്ടി വന്നിട്ടില്ല. ഞാനൊരു കാര്യത്തിനും ബുദ്ധിമുട്ടിയിട്ടില്ല. ഒന്നല്ലെങ്കില്‍ അടുത്ത് ഒരു സിനിമ, അല്ലെങ്കില്‍ ഒരു ഫങ്ഷന്‍, ഒരു കോളേജ് ഇവന്റ് അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടക്ക് സിനിമയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. സിനിമ എന്നെ നോക്കിയിട്ടുണ്ട്. സിനിമയില്‍ ഇന്നയാള്‍ നോക്കിയെന്നല്ല, ടോട്ടലി സിനിമയെന്നെ കരുതിയിട്ടുണ്ട്,’ കൈലാഷ് പറഞ്ഞു.
content highlights: Came from a very ordinary family; There was no chance to be selective: Kailash