കോഴിക്കോട് സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
Kerala
കോഴിക്കോട് സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2013, 6:17 pm

[]കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് റാക്കറ്റ് കേസ് ഊര്‍ജ്ജിതമാക്കണമെന്നും കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്റ്റേഷനു മുന്നില്‍ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.

കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്തുള്ള സ്‌കൂള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരം ഇന്നലെയാണ് പുറത്ത് വന്നത്.

സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് സൂചന. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

മറ്റൊരു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പാണ് സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിയാന്‍ കാരണമായത്.

സ്‌നേഹം നടിച്ചു വിദ്യാര്‍ഥിനികളെ കൂട്ടിക്കൊണ്ടുപോയി നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ജാനകിക്കാട്ടിലും കോഴിക്കോട് ബീച്ചിനടുത്തുള്ള ലോഡ്ജിലും മറ്റുമായാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാക്കപ്പെട്ടത്.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സെറീന എന്ന് സ്ത്രീയടക്കമുള്ള ഒന്‍പതംഗ സംഘമാണു സെക്‌സ് റാക്കറ്റിനു പിന്നില്‍.

സംഭവത്തില്‍ പീഢനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിന് പരാതി നല്‍കിയത്. പരാതി പ്രകാരം പെരുവണ്ണാമുഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിട്ടും കേസില്‍ ഇന്നലെ വരെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് നാട്ടുകാരുടെ ഇടയില്‍ വ്യാപക പ്രതിഷേനത്തിനിടയാക്കിയിരുന്നു.

മാധ്യമങ്ങളിലൂടെ ഇത് വാര്‍ത്തയായതോടെ കേസിലെ മുഖ്യപ്രതിയായ സെറീനയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു മുഖം രക്ഷിച്ചു.

എന്നാല്‍ മറ്റ് സംഘാങ്ങള്‍ക്കെതിരെയും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ  പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരിക്കുന്നത്.