World News
സമൂഹ മാധ്യമത്തില്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റിട്ടതില്‍ ഉദ്യോഗസ്ഥന് താകീതുമായി സി.ഐ.എ
ന്യൂയോര്‍ക്ക്: ഫലസ്തീന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന് താകീതുമായി സി.ഐ.എ. പോസ്റ്റ് പങ്കുവെച്ചത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥന് സി.ഐ.എ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) താകീത് നല്‍കി.
ഇസ്രഈല്‍ ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്റലിജന്‍സ് ഏജന്‍സിയുടെ അസോസിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം ഫലസ്തീന്‍ പതാക വീശുന്ന ഒരാളുടെ ഫോട്ടോയാക്കി മാറ്റിയിരുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള സ്ഥാപനത്തിന്റെ നയം വ്യക്തമാക്കിക്കൊണ്ടുള്ള മെമോ ഏജന്‍സിയുടെ അസോസിയേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സി.ഐ.എ അയച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിലെ കവര്‍ ചിത്രത്തിന് പുറമെ ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ഒരു ചിത്രവും സമൂഹമാധ്യമത്തില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പോസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടറെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടര്‍ന്ന് രഹസ്യ വിവരങ്ങളും അന്വേഷണങ്ങളും പ്രസിഡന്റിനെ അറിയിക്കുന്ന സി.ഐ.എ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സ്ഥിരമായി സര്‍ക്കാരിന് നല്‍കുന്ന രീതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യത്ത് സെന്‍സിറ്റീവ് ഇന്റലിജന്‍സ് റോളുകളുള്ള ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് അസാധാരണമായ കാര്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഗസയിലെ സംഘര്‍ഷത്തെ കുറിച്ച് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റു യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭരണകൂടം താകീതുകള്‍ നല്‍കിയതിനെ പിന്നാലെയാണ് ഈ സംഭവം. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ അമേരിക്കയിലെ പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നതകള്‍ സംഭവം തുറന്നുകാണിക്കുന്നു.