തിരുവനന്തപുരം: മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ബുറെവി ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി സംസ്ഥാനം. കേരളത്തിലെത്തുമ്പോള്‍ തീവ്രത കുറഞ്ഞ് ബുറെവി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും വ്യാഴാഴ്ച രാത്രിയോടെ തുടര്‍ച്ചയായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത കാറ്റിന് ഒപ്പം അതിതീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
ബുറെവി നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 8 കമ്പനി എന്‍.ഡി.ആര്‍.എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബുറെവി ചുഴലിക്കാറ്റിന്റെ സ്വാധീനം ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്കേര്‍പ്പെടുത്തി. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യമാണ് മുന്നിലുള്ളത്.
0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്ട്രോള്‍ റൂമിലേക്കും വിളിക്കാം.
നിലവില്‍ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ തീരത്ത് ബുറെവി വന്‍ നാശനഷ്ടങ്ങളാണുണ്ടാക്കുന്നത്. ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി എന്നീ മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ബുറെവിയില്‍ നിരവധി നിരവധി വീടുകള്‍ തകര്‍ന്നു. വന്മരങ്ങളുള്‍പ്പെടെ കടുപുഴകി വീണിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുള്‍പ്പെടെ തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക