Sports News
ബാഴ്‌സ ഓഫര്‍ നല്‍കിയിട്ടും മെസിക്കൊപ്പം കളിക്കാന്‍ എനിക് താത്പര്യം ഇല്ലായിരുന്നു; കാരണം വെളിപ്പെടുത്തി ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 20, 03:17 pm
Wednesday, 20th November 2024, 8:47 pm

ഫുട്‌ബോള്‍ ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് ഇറ്റലിയുടെ ജിയാന്‍ലൂയിജി ബഫണ്‍. 1995 മുതല്‍ 2023 വരെ അദ്ദേഹം ക്ലബ് ലെവലില്‍ യുവന്റസിന് വേണ്ടിയും അന്താരാഷ്ട്ര ലെവലില്‍ ഇറ്റലിക്ക് വേണ്ടിയും ദീര്‍ഘകാലം കളിച്ചിട്ടുണ്ട്.

എന്നാല്‍ 2021ല്‍ ബാഴ്സിലോണ അദ്ദേഹത്തെ ടീമിലേക്ക് വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ബഫണ്‍. സെക്കന്റ് ചോയ്‌സ് ഗോള്‍ കീപ്പറായിട്ടായിരുന്നു താരത്തെ ക്ലബ്ബിലേക്ക് ക്ഷണിച്ചത്.

എന്നാല്‍ ബഫണ്‍ ഈ ഓഫര്‍ നിരസിച്ചെന്നും തന്റെ ആദ്യ ക്ലബായ പാര്‍മയിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനെക്കുറിച്ചാണ് മുന്‍ താരം ഇപ്പോള്‍ സംസാരിച്ചത്.

‘ബാഴ്‌സലോണയില്‍ നിന്നും എനിക്ക് ഓഫര്‍ ലഭിച്ചിരുന്നു. സെക്കന്‍ഡ് ഓപ്ഷന്‍ ഗോള്‍കീപ്പറായി കളിക്കാനായിരുന്നു അവര്‍ എന്നെ വിളിച്ചിരുന്നത്. പക്ഷെ മെസിക്കൊപ്പം കളിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു.

ഞാന്‍ നേരത്തെ റൊണാള്‍ഡോയുടെ കൂടെ കളിച്ചിട്ടുണ്ട്. പക്ഷേ ബാഴ്‌സയുടെ ഓഫര്‍ ഞാന്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിന് കാരണമുണ്ടായിരുന്നു, എന്റെ പഴയ ക്ലബ്ബിലേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിച്ചത്.

എനിക്ക് റൊണാള്‍ഡോയുമായി നല്ല ബന്ധമുണ്ടായിരുന്നു, വളരെയധികം ആത്മവിശ്വാസമുള്ള താരമാണ്. പ്രതിഭകളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയും. നല്ല കരുത്തുറ്റ താരമാണ് അദ്ദേഹം.

ഒരുപാട് പ്രതിസന്ധികളെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിതാവിന്റെ അഭാവത്തില്‍ ഒരുപാട് ബുദ്ധിമുട്ടേറിയ വഴികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്,’ ജിയാന്‍ലൂയിജി ബഫണ്‍ പറഞ്ഞു.

 

Content Highlight: Buffon Talking About Messi And Ronaldo