നേപ്പാളിലെ ബുദ്ധ ബാലന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 വര്‍ഷം തടവ്
കാഠ്മണ്ഡു: നേപ്പാളിലെ ബുദ്ധ ബാലനെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 വര്‍ഷം തടവിന് ശിക്ഷിച്ച് നേപ്പാള്‍ കോടതി. അനുയായികള്‍ ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിച്ചിരുന്ന രാം ബഹാദൂര്‍ ബോംജോണിനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. നേപ്പാളിലെ സര്‍ലാഹി കോടതിയാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഇയാളെ ശിക്ഷിച്ചത്. 3750 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ബോംജോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2005ല്‍ തെക്കുകിഴക്കന്‍ നേപ്പാളിലെ വനത്തില്‍ 10 മാസത്തോളം വെള്ളമോ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ഒരു മരത്തിന് ചുവട്ടില്‍ ധ്യാനിച്ച ബോംജോണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ബുദ്ധ ബാലന്‍ എന്നായിരുന്നു ഈ 33കാരന്‍ അറിയപ്പെട്ടിരുന്നത്.
നിരവധി അനുയായികളുള്ള ഇയാള്‍ തന്റെ അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്നതായി ദീര്‍ഘകാലമായി തന്നെ ആരോപണം ഉണ്ടായിരുന്നു. 2010ല്‍ ബോംജോണിനെതിരെ നിരവധി അക്രമണ പരാതികള്‍ ഉയര്‍ന്നിരുന്നു. തന്റെ ധ്യാനത്തിന് ഭംഗം വരുത്തിയതിനാലാണ് അവരെ മര്‍ദിച്ചതെന്നതായിരുന്നു ഇയാള്‍ പറഞ്ഞത്.
ആറ് വര്‍ഷം മുമ്പ് ഒരു മഠത്തിലെ 18കാരിയായ കന്യാസ്ത്രീയെ ബോംജോണ്‍ ബലാത്സംഗം ചെയ്തതായും ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നിന്ന് ചില ഭക്തരെ കാണാതായെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.
സര്‍ലാഹിയിലെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ജനുവരിയില്‍ നേപ്പാളിലെ സെന്‍ട്രല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തത്. 30 മില്യണ്‍ നേപ്പാളി രൂപയും 22500 ഡോളറിന്റെ വിദേശ കറന്‍സിയും ഇയാളില്‍ നിന്ന് പിടികൂടിയിരുന്നു.
Content Highlight: Buddha Boy Sentences 10 Years Of Imprisonment By Nepal Court For Sexual Assault Case