ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ മേഖലയില്‍ പിടിച്ചെടുത്ത 80,000 കിലോ മയക്കുമരുന്ന് നീമച്ച് ജില്ലയിലെ സിമന്റ് ഫാക്ടറിയില്‍ വെച്ച് കത്തിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് 16 മണിക്കൂര്‍ സമയമെടുത്ത് കത്തിച്ചത്.
ഉജ്ജൈന്‍, മന്ദ്‌സാര്‍, നീമുച്ച്, രത്‌ലം, അഗര്‍മാല്‍വ, ദേവാസ്, ഷാജാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് 80,000 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇത്രയും ഭാരമുള്ള മയക്കുമരുന്ന നിറച്ച് ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളാണ് വ്യാഴാഴ്ചയോടെ സിമന്റ് ഫാക്ടറിയിലെത്തിച്ചത്.
പിന്നാലെ പിടിച്ചെടുത്ത മുഴുവന്‍ മയക്കുമരുന്നും ചൂളയിലേക്കിടുകയും രാവിലെ ഏഴ് മണിക്ക് തുടങ്ങി പ്രക്രിയ പതിനൊന്ന് മണിവരെ തുടരുകയുമായിരുന്നു. 16 മണിക്കൂറാണ് 80,000 കിലോ മയക്കുമരുന്ന് കത്തിക്കാനായെടുത്തത്.
പൊപ്പി തൊണ്ട്, ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, എം.ഡി.എം.എ, ചരസ്, അല്‍പ്രാസോലം, തുടങ്ങിയ 28 കോടി രൂപയോളം വിലമതിക്കുന്ന പത്ത് തരം മയക്കുമരുന്നുകളാണ് കത്തിച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഗവേഷകരുടെ അനുമതിയോടെയെയും നേതൃത്വത്തിലുമാണ് പിടിച്ചെടുത്ത മയക്കുമരുന്ന കത്തിച്ചത്. 1400 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ചൂളയിലിട്ട് നശിപ്പിച്ചതായും കുറച്ച് പുക പോലും പുറത്ത് വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നതായും അധികൃതര്‍ പറഞ്ഞു.
മുഴുവന്‍ നടപടികളും പൂര്‍ണമായും സുരക്ഷിതത്വം ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നുവെന്നും രത്‌ലം റേഞ്ച് ഡി.ഐ.ജി മനോജ് കുമാര്‍ സിങ് പറഞ്ഞു.
മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന 168 കിലോ ഒപിയോയിഡുകള്‍ ആല്‍ക്കലോയിഡ് ഫാക്ടറിയില്‍ നിക്ഷേപിച്ചതായും മയക്കുമരുന്ന കത്തിച്ചുണ്ടായ താപം മരുന്ന് നിര്‍മാണത്തിന് പച്ച ഇന്ധനമായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Brown sugar, MDMA, ganja…80,000 kg of intoxicants collected and burnt by Madhya Pradesh government