മാസ് പൊലീസ് വേഷമോ, എന്നാല്‍ പടം ഇപ്പോള്‍ തന്നെ ചെയ്യാം; ചിരിയുണര്‍ത്തി ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടര്‍ വീഡിയോ
Film News
മാസ് പൊലീസ് വേഷമോ, എന്നാല്‍ പടം ഇപ്പോള്‍ തന്നെ ചെയ്യാം; ചിരിയുണര്‍ത്തി ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടര്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st January 2022, 7:25 pm

പുതിയ മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ആന്റണി പെരുമ്പാവൂര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എല്ലാ ചിത്രത്തിലും കാമിയോ ആയെങ്കിലും ആന്റണി എത്താറുണ്ട്.

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലും ആന്റണി തന്റ സാന്നിധ്യമറിയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്ന നിമിഷം മുതല്‍ ചര്‍ച്ചയായതാണ് ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രം. പൊലീസായെത്തുന്ന ആന്റണി പെരുമ്പാവൂരിനെ കണ്ട് മോഹന്‍ലാല്‍ ‘ഇയാളിവിടെയും വന്നോ’ എന്ന് ചോദിക്കുന്ന രംഗം ഏറെ ചിരിയുണര്‍ത്തിയിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിലെ ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. ഹോട്ട്‌സ്റ്റാറിന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിനിമയിലേക്ക് ആന്റണി എത്തിപ്പെട്ടത് എങ്ങനെയാണെന്ന് ‘വ്യക്തമാക്കുകയാണ്’ പുതിയ വീഡിയോയില്‍.

ബ്രോ ഡാഡിയുടെ പ്രൊഡക്ഷനായി ആന്റണി പെരുമ്പാവൂരിനെ കാണാന്‍ പോവുന്നതും, രണ്ട് സിനിമകള്‍ കഴിഞ്ഞ് മാത്രമേ ഈ പടം ചെയ്യാന്‍ പറ്റൂ എന്ന് പറയുന്ന ആന്റണി പെരുമ്പാവൂരിനെ ‘ മാസ് പൊലീസ് വേഷം’ കൊടുക്കാമെന്ന് പറഞ്ഞ് മണിയടിക്കുകയും സിനിമ ചെയ്യാന്‍ സമ്മതിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

പൃഥ്വി അവസാനം ആന്റണി പെരുമ്പാവൂരിന് സല്യൂട്ട് കൊടുക്കുന്നതും തിരിഞ്ഞിറങ്ങമ്പോള്‍ കളിയാക്കി ചിരിക്കുന്നതും പ്രേക്ഷകനില്‍ ചിരിയുണര്‍ത്തും.

പൊലീസ് വേഷം മാസ് ആക്കുന്നതിനായി കമ്മീഷണര്‍ കാണണമെന്ന് പറയുന്ന ആന്റണി പെരുമ്പാവൂരിനെ കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലൂസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്.

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bro Daddy, Antony Perumbavoor character video, Prithviraj, Mohanlal