'ഭിന്നിപ്പിച്ച് ഭരിക്കല്‍ അവര്‍ ബ്രിട്ടീഷുകാരില്‍ നിന്നും പഠിച്ചെടുത്തത്'; പൗരത്വ ഭേദഗതി നിയമത്തില്‍ ആഞ്ഞടിച്ച് കനയ്യകുമാര്‍
CAA Protest
'ഭിന്നിപ്പിച്ച് ഭരിക്കല്‍ അവര്‍ ബ്രിട്ടീഷുകാരില്‍ നിന്നും പഠിച്ചെടുത്തത്'; പൗരത്വ ഭേദഗതി നിയമത്തില്‍ ആഞ്ഞടിച്ച് കനയ്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2019, 6:39 pm

ചണ്ഡിഗഡ്: ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാര്‍ വിഘടിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഇന്ത്യയില്‍ പയറ്റിയതെന്നും അന്ന് അവരുടെ കൂടെ നിന്ന് ഈ തന്ത്രം മനസ്സിലാക്കിയവരാണ് ഇന്ന് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്നും സി.പി.ഐ നേതാവ് കനയ്യകുമാര്‍.
പഞ്ചാബില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സംവിധാന്‍ ബചാവോ ദേശ് ബചാവോ എന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
ഇന്ത്യയെ വരുതിയിലാക്കാന്‍ ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും തമ്മില്‍ തല്ലിക്കുകയാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ച മാര്‍ഗം. സ്വാതന്ത്രം സംരക്ഷിക്കണമോ മതം സംരക്ഷിക്കണോ എന്ന ആശയക്കുഴപ്പം ജനങ്ങളിലുണ്ടാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവര്‍ ഈ തന്ത്രം പഠിച്ചെടുക്കുകയും അത് ഇപ്പോള്‍ പ്രയോഗിക്കുകയുമാണ്. രാജ്യത്തെ ഇപ്പോള്‍ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് എന്‍.ഡി. എ ചെയ്യുന്നത്. കനയ്യകുമാര്‍ പറഞ്ഞു.

വസുധൈവ കുടുംബകം ആണ് നമ്മുടെ സംസ്‌കാര പാരമ്പര്യം എന്നും ഏതു രാജ്യത്തു നിന്നുള്ള കുടിയേറ്റക്കാരെയും സ്വീകരിക്കണമെന്നും കനയ്യകുമാര്‍ പറഞ്ഞു.

ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തിനനുകൂലമായാണ് തങ്ങളുടെ ഭരണം എന്ന് വരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവ എല്ലാ മതവിഭാഗക്കാരെയും ബാധിക്കുന്ന വിഷയങ്ങളാണ്. കനയ്യകുമാര്‍ പറഞ്ഞു.


പഞ്ചാബില്‍ എന്‍.ആര്‍.സിക്കെതിരെ സി.പി.ഐ നടത്തുന്ന ആദ്യ പ്രതിഷേധ റാലിയാണിത്.

റാലിയില്‍ വലിയ തരത്തില്‍ യുവജന പങ്കാളിത്തം ഉണ്ടായി. ഒപ്പം കര്‍ഷകരും വ്യാപാരികളും റാലിയില്‍ പങ്കെടുത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വലിയ തരത്തിലുള്ള പിന്തുണ പ്രക്ഷോഭങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും പൗരത്വ നിയമത്തിനെതിരായി കോണ്‍ഗ്രസ് ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നില്ലെന്നും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ബി.കെ കംഗോ വിമര്‍ശിച്ചു.