national news
കൈക്കൂലിയും രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കലും മോദിക്ക് 'വ്യക്തിപരമായ കാര്യം'; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 14, 06:34 am
Friday, 14th February 2025, 12:04 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യു.എസ് സന്ദര്‍ശനത്തിനിടെ അദാനിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തോടുള്ള മോദിയുടെ പ്രതികരണത്തിനെതിരെയാണ് രാഹുലിന്റെ വിമര്‍ശനം.

മോദിയോട് നാട്ടില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ നിശബ്ദതതയും വിദേശത്ത് ചോദിച്ചാല്‍ അത് വ്യക്തിപരമായ കാര്യമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അമേരിക്കയില്‍ പോലും അദാനിയുടെ അഴിമതി മോദി തുറന്നുകാട്ടിയെന്നും രാഹുല്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് രാഹുലിന്റെ പ്രതികരണം. സുഹൃത്തിന്റെ പോക്കറ്റ് നിറയ്ക്കുന്നത് പ്രധാനമന്ത്രിക്ക് ‘രാഷ്ട്രനിര്‍മാണം’ ആകുമ്പോള്‍, കൈക്കൂലിയും രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കലും ‘വ്യക്തിപരമായ കാര്യമായി’ മാറുന്നുവെന്നും രാഹുല്‍ പറഞ്ഞു.

വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല താന്‍ യു.എസില്‍ എത്തിയതെന്നായിരുന്നു മോദി മാധ്യമപ്രവര്‍ത്തകന് നല്‍കിയ മറുപടി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലിക്കേസ് സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

തുടര്‍ന്ന്, എല്ലാ ഇന്ത്യക്കാരും തന്റേതാണെന്നും രണ്ട് രാജ്യങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും മോദി മറുപടി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉയര്‍ത്തിയത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്സിന്റെ പണം ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ഗൗദം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്.

250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. ഈ കേസിനെ സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അതേസമയം ട്രംപ് രണ്ടാമത് അധികാരത്തിലേറിയതിന് പിന്നാലെ അദാനിക്കെതിരെ കുറ്റം ചുമത്താനായി ഉപയോഗിച്ച നിയമം തന്നെ പിന്‍വലിക്കുകയാണുണ്ടായത്. ഈ നിയമം പുനപരിശോധിക്കാന്‍ ട്രംപ് ഉത്തരവിടുകയും ചെയ്തു.

1977ലെ ഫോറിന്‍ കറപ്ട് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ) നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ട്രംപ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് നല്‍കിയ നിര്‍ദേശം.

നിയമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട അദാനിക്കും അനന്തരവന്‍ സാഗറിനുമെതിരെ നടപടികളുണ്ടാകില്ല.

Content Highlight: Bribery and looting of nation’s property ‘personal matter’ for Modi; Rahul Gandhi against Prime Minister