'കേട്ടതെല്ലാം സത്യമല്ല': ഭ്രമയുഗം ഒ.ടി.ടി. തുകയെക്കുറിച്ച് നിർമാതാവ്
Entertainment
'കേട്ടതെല്ലാം സത്യമല്ല': ഭ്രമയുഗം ഒ.ടി.ടി. തുകയെക്കുറിച്ച് നിർമാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th February 2024, 4:33 pm

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ 17ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത്.

സിനിമയുടെ എല്ലാ ഭാഷയിലുമുള്ള ഡിജിറ്റല്‍ റൈറ്റ്‌സ് സോണി ലിവ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 30 കോടിക്കാണ് സോണി ലിവ് റൈറ്റ്‌സ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. മോഷി എന്ന എക്‌സ് പേജ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനാണ് രാമചന്ദ്ര മറുപടി നല്‍കിയത്.

‘ഭ്രമയുഗത്തിന്റെ ഒ.ടി.ടി. റൈറ്റ്‌സ് 30 കോടി എന്ന വലിയ സംഖ്യക്ക് സോണി ലിവ് ഏറ്റെടുത്തിരിക്കുന്നു. മോളിവുഡിലെ തന്നെ റെക്കോഡ് തുകയാണിത്’ എന്ന ക്യാപ്ഷനോടെ ഇട്ട പോസ്റ്റിന് കീഴെ, ‘കേട്ടതെല്ലാം സത്യമല്ല. സിനിമ എന്‍ജോയ് ചെയ്യൂ, അതിന്റെ കഴിവിനെ അംഗീകരിക്കൂ’ എന്നാണ് ചക്രവര്‍ത്തി രാമചന്ദ്ര മറുപടി നല്‍കിയത്. ഏത് പ്ലാറ്റ്‌ഫോമിനാണ് ഡിജിറ്റല്‍ റൈറ്റ്‌സ് ലഭിച്ചതെന്ന് അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന താരങ്ങള്‍. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Bramayugam producer reacts on the rumors about OTT rights