ജെയ്‌സ്വാള്‍ കളി ശൈലി മാറ്റണം, സര്‍ഫറാസ് ഓസ്‌ട്രേലിയയെ നേരിടാന്‍ ഇപ്പോഴേ റെഡിയാണ്; തുറന്നുപറഞ്ഞ് ഓസീസ് സൂപ്പര്‍ താരം
Sports News
ജെയ്‌സ്വാള്‍ കളി ശൈലി മാറ്റണം, സര്‍ഫറാസ് ഓസ്‌ട്രേലിയയെ നേരിടാന്‍ ഇപ്പോഴേ റെഡിയാണ്; തുറന്നുപറഞ്ഞ് ഓസീസ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th March 2024, 11:44 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ യുവതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കുകയും ഇന്ത്യന്‍ ടീമില്‍ തുടരാന്‍ യോഗ്യരാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മുതല്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും അവസാന മത്സരത്തില്‍ മാത്രം കളത്തിലിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലും പരമ്പരയില്‍ തങ്ങളുടെ റോള്‍ ഗംഭീരമാക്കിയിരുന്നു.

പരമ്പരയില്‍ യശസ്വി ജെയ്‌സ്വാളിന്റെയും സര്‍ഫറാസ് ഖാന്റെയും പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇരുവരും മികച്ച താരങ്ങളാണെന്നും എന്നാല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ കളി ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദഹം പറഞ്ഞു.

 

‘ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. ഈ ഡിസംബറില്‍ അവന്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തും. പന്തില്‍ ആഞ്ഞടിക്കുന്നതിന് പകരം അവനിവിടെ പന്തിന്റെ പേസ് ഉപയോഗപ്പെടുത്തി പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും കളിക്കണം.

അവന് ഓസ്‌ട്രേലിയക്കെതിരെ അഗ്രസ്സീവായി കളിക്കണമെങ്കില്‍ അവന്റെ ബാറ്റിങ് ആവനാഴിയില്‍ കൂടുതല്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തണം,’ ഹോഗ് പറഞ്ഞു.

സര്‍ഫറാസ് ഖാന്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ തയ്യാറാണെന്നാണ് ഹോഗിന്റെ അഭിപ്രായം.

‘പേസര്‍മാര്‍ക്കെതിരെ അവന്റെ മത്സരത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അവന്‍ പേസര്‍മാര്‍ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അവന്‍ കൃത്യമായി പരിശീലനം നടത്തിയിട്ടുണ്ട്. പുള്‍ ഷോട്ടുകളടക്കം ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ അവന്‍ സജ്ജനാണ്,’ ഹോഗ് കൂട്ടിച്ചേര്‍ത്തു.

പരമ്പരയിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറിയടക്കം 712 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ താരമായി തെരഞ്ഞെടുത്തതും ജെയ്‌സ്വാളിനെ തന്നെയായിരുന്നു.

ഈ പരമ്പരയില്‍ നിരവധി റെക്കോഡുകളും ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടുന്ന താരം, ഒരു പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരം, ഒരു പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത് സ്‌കോര്‍ (ആദ്യ രണ്ട് സ്ഥാനങ്ങളില്‍ സുനില്‍ ഗവാസ്‌കര്‍) തുടങ്ങി നിരവധി റെക്കോഡുകളാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തന്റെ പേരില്‍ കുറിച്ചത്.

 

പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം കുറിക്കുന്നത്. ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും താരത്തിന് ഇന്ത്യന്‍ ജേഴ്‌സി പലപ്പോഴും അന്യമായിരുന്നു. ഏറെ നാളത്തെ അവഗണനകള്‍ക്ക് ശേഷം ലഭിച്ച അവസരം താരം വിനിയോഗിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് വരവറിയിച്ചത്. അഞ്ച് ഇന്നിങ്‌സില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 50.00 ശരാരിയില്‍ 200 റണ്‍സാണ് താരം സ്വന്തമാക്കിയത്.

 

Content Highlight: Brad Hogg about Yashasvi Jaiswal and Sarfaraz Khan