World News
ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണ്, ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്'; വാക്‌സിനെ പിന്തുണച്ച് ബോറിസ് ജോണ്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 12:06 pm
Tuesday, 16th March 2021, 5:36 pm

പാരീസ്: കൊവിഡിനെതിരെയുള്ള ആസ്ട്രാസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വാക്‌സിന്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി, ജര്‍മ്മനി അടക്കമുള്ള യുറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.

‘വാക്‌സിന്‍ സുരക്ഷിതമാണ്. അവ മികച്ച രീതിയിലാണ് കൊവിഡിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, യു.എസ്, ബ്രിട്ടണ്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ലോകമെമ്പാടും ഇവ ഉപയോഗിക്കുന്നുമുണ്ട്’, ജോണ്‍സണ്‍ പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനെക്കയുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ആസ്ട്രസെനെക്ക വാക്സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്.

യുറോപ്യന്‍ മെഡിസിന്‍ ഏജന്‍സിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇ.എം.എ. വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.

ഡെന്‍മാര്‍ക്ക് ആണ് ആദ്യമായി ആസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ വിതരണം ആദ്യമായി നിര്‍ത്തിവെച്ചത്. പിന്നാലെ നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.

അതേസമയം രക്തം കട്ട പിടിക്കുന്നതും വാക്‌സിനും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ആയ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞിരുന്നു.

ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ആസ്ട്രാസെനെക്ക വാക്‌സിന്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Borris Jonson Supports Aztrazeneca Vaccine