ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒരുവേള ഫോളോ ഓണ്‍ മുമ്പില്‍ കണ്ട ഇന്ത്യയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നിതീഷ് കുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് സുന്ദര്‍ തിളങ്ങിയത്.
തന്റെ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യാനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് സാധിച്ചു. എന്നാല്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ താരത്തിന് ഈ സെഞ്ച്വറി നഷ്ടമാകുമോ എന്നാണ് ആരാധകര്‍ ഭയന്നിരുന്നത്.
Nitish Kumar Reddy and Washington Sundar put on a memorable 124-run partnership on a rain-affected Day Three at the MCG. https://t.co/WopoKtZxcD
— cricket.com.au (@cricketcomau) December 28, 2024
ഇന്നിങ്‌സിലെ 112ാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയ നിതീഷ് – വാഷിങ്ടണ്‍ കൂട്ടുകെട്ട് പിരിയുന്നത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം നഥാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ആ സമയം 97 റണ്‍സായിരുന്നു റെഡ്ഡിയുടെ പേരിലുണ്ടായിരുന്നത്. സുന്ദറിന് ശേഷം ബുംറ കളത്തിലെത്തി.
സ്‌കോട് ബോളണ്ടാണ് അടുത്ത ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്കിലാകട്ടെ നിതീഷും. ബോളണ്ട് എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും റണ്‍സൊന്നും പിറന്നില്ല. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ നിതീഷ് ഡബിളോടി വ്യക്തിഗത സ്‌കോര്‍ 99ലെത്തിച്ചു.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തപ്പോള്‍ ബുംറയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്, പന്തെറിയാനെത്തിയതാകട്ടെ പാറ്റ് കമ്മിന്‍സും. ഓവറിലെ ആദ്യ രണ്ട് പന്തിലും പിടിച്ചുനിന്നെങ്കിലും മൂന്നാം പന്തില്‍ ബുംറ പുറത്തായി. ബ്രോണ്‍സ് ഡക്കായി ബുംറയെ മടക്കിയ കങ്കാരുപ്പടയുടെ നായകന്‍ മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഇതോടെ ആരാധകരുടെ നെഞ്ചിടിപ്പേറി. ഒരു വശത്ത് ഇന്ത്യയുടെ ഒമ്പതാം വിക്കറ്റും നഷ്ടപ്പെട്ട് മുഹമ്മദ് സിറാജ് ക്രീസിലേക്ക്, 99 റണ്‍സുമായി കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കാത്ത് നിതീഷ് കുമാര്‍ റെഡ്ഡി മറുവശത്ത്, കയ്യില്‍ ചുവന്ന പന്തുമായി മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ്, സിറാജ് പുറത്തായാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീഴും, അതിനേക്കാള്‍ നിരാശപ്പെടുന്നത് 99 റണ്‍സില്‍ നോട്ടൗട്ടായി റെഡ്ഡി തുടരും, തന്റെ തെറ്റുകൊണ്ടല്ലാതെ താരത്തിന് സെഞ്ച്വറി നഷ്ടമാകും തുടങ്ങി ചിന്തകളുടെ വേലിയേറ്റമായിരുന്നു ആരാധകരുടെ മനസില്‍.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി സിറാജ് കമ്മിന്‍സിന്റെ മൂന്ന് പന്തുകളെയും അതിജീവിച്ചു. ഇതോടെ അടുത്ത ഓവറില്‍ റെഡ്ഡി സ്‌ട്രൈക്കിലെത്തുമെന്ന് തീര്‍ച്ചയായി.
DSP saab diligently doing his duty pic.twitter.com/Nwm5MRQwgb
— Saahil Sharma (@faahil) December 28, 2024
സ്‌കോട് ബോളണ്ട് എറിഞ്ഞ ആദ്യ രണ്ട് പന്തിലും റണ്‍സ് പിറന്നില്ലെങ്കിലും മൂന്നാം പന്തില്‍ ബൗണ്ടറി നേടി നിതീഷ് കുമാര്‍ തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി.
നിതീഷിന്റെ സെഞ്ച്വറിക്ക് സിറാജ് നേരിട്ട ആ മൂന്ന് പന്തുകള്‍ എത്രത്തോളം നിര്‍ണായകമായിരുന്നു എന്ന് വിലയിരുത്തുക പ്രയാസം. ഒരുപക്ഷേ ഫോമില്‍ തുടരുന്ന കമ്മിന്‍സിന്റെ പന്തില്‍ താരം പുറത്തായിരുന്നെങ്കില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ദിവസമായി 2024 ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിവസം മാറുമായിരുന്നു.
Content Highlight: Border – Gavaskar Trophy: Mohammed Siraj’s crucial role in Nitish Kumar Reddy’s century