ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ അഡ്‌ലെയ്ഡിലാണ് ഡേ-നൈറ്റ് ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. ഫൈനലിലെത്തുക എന്നതല്ല , ഫൈനലില്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
ഹര്‍ഭജന്റെ വാക്കുകളെ ഉദ്ധരിച്ച് ന്യൂസ് 18നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അവര്‍ മറ്റൊരു മത്സരം കൂടി വിജയിച്ചാല്‍, എനിക്ക് തോന്നുന്നത് ഇന്ത്യ ഉറപ്പായും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യത നേടുമെന്നാണ്. ഫൈനലിലെത്തുക എന്നതല്ല പ്രധാനമുള്ള കാര്യം, ആ ഫൈനലില്‍ വിജയിക്കുക എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന കാര്യം,’ ഹര്‍ഭജന്‍ പറഞ്ഞു.
പെര്‍ത്തില്‍ സ്വന്തമാക്കിയ ഐതിഹാസിക വിജയത്തിന്റെ ചുവടുപിടിച്ച് അഡ്‌ലെയ്ഡും കീഴടക്കാനാകും ഇന്ത്യ ഒരുങ്ങുന്നത്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇല്ലാതിരുന്ന സാഹചര്യത്തിലും ആദ്യ ഇന്നിങ്‌സില്‍ 150ന് പുറത്താകേണ്ട സാഹചര്യമുണ്ടായിട്ടും തിരിച്ചടിച്ച ഇന്ത്യയില്‍ ആരാധകര്‍ അര്‍പ്പിക്കുന്ന വിശ്വാസവും ചെറുതല്ല.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആദ്യ ടെസ്റ്റ് കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചപ്പോള്‍ പ്രാക്ടീസ് സെഷനിടെ പരിക്കേറ്റതാണ് ഗില്ലിന് തിരിച്ചടിയായത്.
എന്നാല്‍ രോഹിത്തിന് പകരം ക്യാപ്റ്റന്‍സിയേറ്റെടുത്ത ജസ്പ്രീത് ബുംറ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ എവേ വിജയത്തിലേക്കാണ് നയിച്ചത്. 295 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റ് വിജയിച്ചുകയറിയത്. ഇതോടെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് തോല്‍വിയും കുറിക്കപ്പെട്ടു.
അതേസമയം, രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തിരിച്ചെത്തിയേക്കും. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തുന്ന ഗില്ലിന് രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.