national news
സമൂഹത്തിലുള്ളത് മധ്യകാല യാഥാസ്ഥിതിക കുടുംബ കാഴ്ച്ചപ്പാട്; ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ദത്തെടുക്കാന്‍ അവകാശമില്ലെന്ന വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 14, 06:26 am
Friday, 14th April 2023, 11:56 am

മുംബൈ: വിവാഹമോചിതയായ, ജോലി ചെയ്യുന്ന സ്ത്രീക്ക് ദത്തവകാശത്തിന് അര്‍ഹതയില്ലെന്ന മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കോടതി വിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. ജോലിക്ക് പോകുന്നുണ്ടെന്ന കാരണം കൊണ്ട് കുട്ടിക്ക് ആവശ്യമായ പരിചരണം നല്‍കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന വാദം സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ച്ചപ്പാടിന്റെ പ്രതിഫലനമാണെന്നും അത് മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ഷബ്‌നം ജഹാന്‍ അന്‍സാരി നല്‍കിയ പുനപരിശോധന ഹരജി പരിഗണിച്ച് ജസ്റ്റിസ് ഗൗരി ഗോഡ്‌സെയാണ് വിധി പ്രസ്താവിച്ചത്.

‘പരാതിക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നുണ്ടെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ദത്തെടുക്കാനുള്ള അവകാശം നിഷേധിച്ചത് അംഗീകരിക്കാനാവില്ല. നമ്മുടെ സമൂഹത്തില്‍ മധ്യകാല യാഥാസ്ഥിതിക കുടുംബ സങ്കല്‍പ്പങ്ങള്‍ തുടരുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത്.

ഒരു സിംഗിള്‍ പാരന്റ് ജോലിയെടുക്കുന്ന വ്യക്തിയാണെങ്കില്‍ സമൂഹത്തിന് അവരെക്കുറിച്ച് മറ്റൊരു കാഴ്ച്ചപ്പാടാണ് ഉണ്ടാവുക. ജോലി ചെയ്യുന്നു എന്ന ഒറ്റകാരണം കൊണ്ടുതന്നെ അവര്‍ക്ക് മികച്ച രക്ഷിതാവാകാനും സാധിക്കും. ദത്ത് നിഷേധിച്ച സിവില്‍ കോടതി നടപടി നിയമ വിരുദ്ധവും പൗര സ്വാതന്ത്യത്തിന് എതിരുമാണ്,’ കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലെ സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുന്ന 47 കാരിയായ ഷബ്‌നം അന്‍സാരി തന്റെ സഹോദരിയുടെ കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹമോചിതയും ജോലിക്കാരിയുമായ സ്ത്രീക്ക് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വേണ്ട പരിചരണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കീഴ്‌കോടതി അനുമതി നിഷേധിച്ചത്.

ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹരജി പരിഗണിക്കവെയാണ് ഇപ്പോള്‍ ബോംബെ കോടതിയുടെ വിധി വന്നിരിക്കുന്നത്. ഷബ്‌നം അന്‍സാരിക്ക് കുട്ടിയെ വിട്ട് നല്‍കണമെന്ന് വിധിച്ച കോടതി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അവരുടെ പേരുകൂടി ചേര്‍ക്കാന്‍ ഭുസാവല്‍ മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Bombay high court verdict on single parent