പനജി: തെഹല്‍ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെതിരായ ലൈംഗികപീഡനക്കേസില്‍ തെളിവുകള്‍ വായിക്കുന്ന സമയത്ത് അഭിഭാഷകര്‍ ഔചിത്യബോധവും മാന്യതയും പുലര്‍ത്തണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. തെളിവുകള്‍ ഉറക്കെ വായിക്കുന്നതിന് പകരം അഭിഭാഷകര്‍ ഖണ്ഡിക ഏതാണെന്ന് മാത്രം ചൂണ്ടിക്കാണിച്ചാല്‍ മതിയെന്നും ജഡ്ജിമാര്‍ അത് സ്വയം വായിച്ചുകൊള്ളാമെന്നുമായിരുന്നു ഗോവയിലെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് രേവതി മോഹിതെ ദേരെ നിര്‍ദേശിച്ചത്.
”ഈ കേസില്‍ മാത്രമല്ല. ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കേസിലും, അഭിഭാഷകര്‍ തുറന്ന കോടതിയില്‍ തെളിവുകള്‍ ഉറക്കെ വായിക്കേണ്ടതില്ല,”
ജസ്റ്റിസ് രേവതി മോഹിതെ ദേരെ പറഞ്ഞു.
കേസില്‍ മേയ് 21ന് വിചാരണക്കോടതി തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണ നടപടികള്‍ രഹസ്യമായി നടത്തണമെന്ന് തേജ്പാല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഗോവ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതിനെ കോടതിയില്‍ എതിര്‍ത്തു.
”തരുണ്‍ തേജ്പാലിനെ വെറുതെ വിടാന്‍ ഉത്തരവിട്ട വിചാരണക്കോടതിയുടെ വിധി പിന്തിരിപ്പനും അഞ്ചാം നൂറ്റാണ്ടിലേത് പോലുള്ളതുമാണ്. കേസില്‍ പീഡനം നേരിട്ട പെണ്‍കുട്ടി വിര്‍ച്വല്‍ ആയി വിചാരണയുടെ ഭാഗമായിരുന്നു. അവരെ നാണം കെടുത്തുകയാണ് ചെയ്തത്,” തുഷാര്‍ മേത്ത വാദിച്ചു.