ഇസ്രഈല്‍ തീവ്രവാദരാഷ്ട്രമെന്ന് ബൊളീവിയയുടെ പ്രഖ്യാപനം
Daily News
ഇസ്രഈല്‍ തീവ്രവാദരാഷ്ട്രമെന്ന് ബൊളീവിയയുടെ പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st July 2014, 2:22 pm

[] ലാ പാസ്: ഗസയില്‍ ക്രൂരമായ കൂട്ടക്കൊല തുടരുന്ന ഇസ്രഈലിനെ തീവ്രവാദ രാഷ്ട്രമായി തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയ പ്രഖ്യാപിച്ചു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബൊളീവിയയുടെ നടപടി.

വിസ ഒഴിവാക്കല്‍ ഉടമ്പടി ഒഴിവാക്കിക്കൊണ്ടാണ് ഇസ്രഈലിനെ തീവ്രവാദ രാഷ്ട്രമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാള്‍സ് പ്രഖ്യാപിച്ചത്. 1972 മുതല്‍ ബൊളീവിയയില്‍ പ്രവേശിക്കുന്നതിനും സ്വതന്ത്ര സഞ്ചാരത്തിനും ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ ആവശ്യമുണ്ടായിരുന്നില്ല.

ഐക്യരാഷ്ട്ര സഭയുടെ നയങ്ങളേയും അന്താരാഷ്ട്ര മനുഷ്യാവകാശമൂല്യങ്ങളേയും വില കല്പിക്കാത്ത ഇസ്രഈല്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അന്താരാഷ്ട്ര സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതല്ല ഇസ്രഈലിന്റെ നടപടികളെന്നും ഇവോ മൊറാള്‍സ് ആരോപിച്ചു.

2009ലെ ഗസ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രഈലുമായുളള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ ആക്രമണത്തില്‍ പ്രതിഷേധിച്ച്  തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ചിലി, പെറു, ബ്രസീല്‍, ഇക്വഡോര്‍ സര്‍ക്കാറുകള്‍ കഴിഞ്ഞ ദിവസം ഇസ്രഈലില്‍ നിന്നും സ്ഥാനപതിമാരെ തിരിച്ചു വിളിച്ചിരുന്നു.