ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്‌കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍മന്ത്രാലയം മാറ്റിവെച്ചു. ഫെബ്രുവരി 26,27 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കേണ്ടിയിരുന്നത്.
കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്‌കരണാഹ്വാനം.
കോണ്‍ഫറന്‍സ് മാറ്റിവെച്ചതായി മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബി.എം.എസ് അദ്ധ്യക്ഷന്‍ സജി നാരായണന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാന്‍ ഗുജറാത്തില്‍ നടന്ന ബി.എം.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തതാണ്. “തൊഴില്‍”, “തൊഴിലാളി” എന്നീ പദങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റായിരുന്നു ഇത്തവണത്തേത് സജി നാരായണന്‍ ഔട്ട് ലുക്കിനോട് പറഞ്ഞു.
മോദിയുടേത് ഒരു മൂന്നാം യു.പി.എ സര്‍ക്കാര്‍ മാത്രമാണെന്ന് സജി നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബി.എം.എസ്, സ്വദേശി ജാഗരണ്‍മഞ്ച് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നിലവില്‍ പ്രക്ഷോഭം നടത്തുന്നുണ്ട്.