ബ്ലിങ്കനോട് വെടിനിര്‍ത്തലിന് സമ്മര്ദം ചെലുത്തി ഫലസ്തീന്‍ പ്രസിഡന്റ് ; നിരസിച്ച് ബ്ലിങ്കന്‍
World News
ബ്ലിങ്കനോട് വെടിനിര്‍ത്തലിന് സമ്മര്ദം ചെലുത്തി ഫലസ്തീന്‍ പ്രസിഡന്റ് ; നിരസിച്ച് ബ്ലിങ്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 10:47 pm

ജെറുസലേം: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തലിന് സമ്മര്ദം ചെലുത്തി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്. കൂടാതെ ഗസ മുനമ്പിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രവേശത്തിന് അനുവദിക്കണമെന്നും അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

ഇസ്രഈല്‍ സന്ദര്‍ശനത്തിനെത്തിയ ആന്റണി ബ്ലിങ്കന്‍ അപ്രതീക്ഷിതമായാണ് വെസ്റ്റ് ബാങ്കില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയത്. അറബ് നേതാക്കള്‍ക്കൊപ്പമാണ് അബ്ബാസ് ആന്റണി ബ്ലിങ്കനെ കണ്ടത്.

ഗസ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് നേതാക്കളുടെ ആവശ്യം ബ്ലിങ്കന്‍ നിരസിച്ചു. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് ഗുണം ചെയ്യുമെന്നും സംഘടിച്ച് വീണ്ടും ആക്രമണം ആരംഭിക്കുമെന്നുമാണ് അമേരിക്കയുടെ നിലപാട്. അവശ്യ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഗസയില്‍ നിന്ന് പൗരന്‍മാരെ പുറത്താക്കുന്നതിനും യുദ്ധത്തില്‍ താത്കാലിക ഇടവേള വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായ് ബ്ലിങ്കന്‍ പറഞ്ഞു. ഖത്തര്‍, സൗദി, ഈജിപ്ത്, ജോര്‍ദാന്‍ യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രതിനിധികളാണ് ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഗസ മുനമ്പിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗസ ലക്ഷ്യമാക്കി ഇസ്രഈല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിന് 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ ഏഴു മുതല്‍ ഗസ മുനമ്പില്‍ ഇസ്രയില്‍ നടത്തിയ ആക്രമണത്തില്‍ 4800 കുട്ടികള്‍ ഉള്‍പ്പെടെ 9770 പ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ മുനമ്പിലെ ആരോഗ്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

 

content highlight : Blinken meets Palestinian Authority president Mahmoud Abbas in West Bank