സീനിന് മുമ്പ് ഞാന്‍ അവനെ കുറേദൂരം ഓടിച്ചു; അവന്റെയുള്ളില്‍ എന്നോട് വെറുപ്പായിരുന്നു: ബ്ലെസി
Entertainment
സീനിന് മുമ്പ് ഞാന്‍ അവനെ കുറേദൂരം ഓടിച്ചു; അവന്റെയുള്ളില്‍ എന്നോട് വെറുപ്പായിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st September 2024, 11:39 am

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. 2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ.

ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്‌ലിയായിരുന്നു. അവനെ അഭിനയിപ്പിക്കാന്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ബ്ലെസി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊച്ചുണ്ടാപ്രിയായി തീര്‍ത്തും ഭാഷ അറിയാത്ത കുട്ടിത്തന്നെ വേണമെന്ന് ഉണ്ടായിരുന്നു. അത് വലിയൊരു പരീക്ഷണവും ചാലഞ്ചും തന്നെയായിരുന്നു. പലപ്പോഴും പാളിപോകുമെന്ന് തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. അതിനെയൊക്കെ നമ്മള്‍ മറികടന്നു.

ശരിക്കും പറഞ്ഞാല്‍ പീഡനമെന്ന് വേണമെങ്കില്‍ പറയാം. കച്ചിലെ അവന്റെ പൊളിഞ്ഞു കിടക്കുന്ന ആ സ്ഥലത്ത് പോയി അവന്‍ കരയുന്ന സീന്‍ ഉണ്ടായിരുന്നു. അവിടെ ചെല്ലുന്നതിന്റെ മുമ്പ് ഞാന്‍ അവന്റെ പാരന്‍സിനോട് ഒരു കാര്യം പറഞ്ഞിരുന്നു.

അതായത് ഞാന്‍ അവനോട് വളരെ ഹാര്‍ഷായി പെരുമാറുമെന്നും വഴക്കു പറയുമെന്നും ചിലപ്പോള്‍ ചീത്തവിളിക്കുമെന്നും അവരോട് പറഞ്ഞു. അത് മറ്റൊന്നിനുമായിരുന്നില്ല. അവന്‍ എന്നെ കാണുമ്പോള്‍ പേടിക്കണം. അവന്റെയുള്ളിലും കണ്ണുകളിലും എന്നോടുള്ള ഭയവും വെറുപ്പും തോന്നണം. അതല്ലാതെ അവനോട് കഥയോ സാഹചര്യമോ പറഞ്ഞു കൊടുക്കാന്‍ സാധിക്കില്ല.

നിനക്ക് നിന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു, നീ ഇവിടെയാണ് ജീവിച്ചിരുന്നത് എന്നൊക്കെ പറഞ്ഞാല്‍ അതിന് അനുസരിച്ചുള്ള ഭാവത്തിലേക്ക് എത്താന്‍ ആ കുട്ടിക്ക് പറ്റിയെന്ന് വരില്ല. അതുകൊണ്ട് അവന് നേരിട്ട് കണ്ടുകഴിഞ്ഞാല്‍ വളരെ പ്രയാസം തോന്നുന്ന ഒരാളായി ഞാന്‍ മാറിയിരുന്നു.

സിനിമയില്‍ കച്ചിലെ തന്റെ നാട്ടില്‍ അവന്‍ ഓരോയിടത്തും വന്ന് നോക്കുന്ന സീനുകളുണ്ട്. അത് ഷൂട്ട് ചെയ്യും മുമ്പ് ഞാന്‍ അവനെ കൊണ്ട് അവിടെയെല്ലാം ഇട്ട് ഓടിക്കുമായിരുന്നു. ഓടിവന്ന് നിന്ന് കിതപ്പ് മാറുന്നതിന് മുമ്പായിട്ടാണ് ആ സീനുകള്‍ ചെയ്യിച്ചിരുന്നത്.

അതുപോലെ അവന്‍ വീടിന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ പേടിച്ച് കരയുന്നത് കാണാം. അത് എങ്ങനെയാണ് ചെയ്യിക്കുക. എന്ത് പറഞ്ഞാണ് അവനെ കൊണ്ട് ചെയ്യിക്കേണ്ടത്. ഇവിടെയാണ് നീ കിടന്നുറങ്ങിയത്, ഇവിടെയാണ് നിന്റെ അച്ഛനും അമ്മയുമൊക്കെ ജീവിച്ചത്, ഇത് നിന്റെ സൈക്കിളാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

ഒരു കൊച്ചു കുട്ടിയെ അതൊന്നും പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവനോട് കാര്യമായി ഒന്നും പറഞ്ഞു കൊടുത്തില്ല. പിന്നെ ക്യാമറ ചെല്ലാത്ത ആംഗിളുകള്‍ നോക്കി അവിടെ ആളുകള്‍ ഒളിച്ചുനിന്നു. എന്നിട്ട് അവന്‍ വരുന്നതിന് അനുസരിച്ച് അവര്‍ ശബ്ദമുണ്ടാക്കി. അങ്ങനെ പേടിച്ചിട്ടാണ് അവന്‍ ഇതെല്ലാം ചെയ്യുന്നത്,’ ബ്ലെസി പറഞ്ഞു.


Content Highlight: Blessy Talks About Kazhcha Movie Shooting