കമല ഹാരിസിന് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി യു.എസിലെ കറുത്തവര്‍ഗക്കാരായ മുസ്‌ലിങ്ങൾ
World News
കമല ഹാരിസിന് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി യു.എസിലെ കറുത്തവര്‍ഗക്കാരായ മുസ്‌ലിങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 2:24 pm

ന്യൂയോര്‍ക്ക്: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെതിരെ അതൃപ്തി ഉയരുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വോട്ട് ചെയ്യരുതെന്ന് രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ഓളം കറുത്ത വര്‍ഗക്കാരായ മുസ്‌ലിങ്ങൾ കമല ഹാരിസിനെ അനുകൂലിച്ച് പ്രതികരിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രസ്താവനയിറക്കിയത്.

ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളെ അനുകൂലിക്കുന്ന ഒരു പ്രസ്താവനയില്‍ യു.എസിലെ 50 ശതമാനം കറുത്ത മുസ്‌ലിം വിഭാഗം ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖരായ ഇമാമുകളും രാഷ്ട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

17 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. വാഷിങ്ടണ്‍ ഡി.സിയില്‍ നിന്നുള്ള 47 പേരും പ്രസ്താവനയെ അനുകൂലിച്ചിട്ടുണ്ട്.

ഗസയിലെ വെടിനിര്‍ത്തല്‍, ഇസ്രഈലിനെതിരായ ആയുധ ഉപരോധം തുടങ്ങിയ നീക്കങ്ങളെ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥികളെ അനുകൂലിക്കുന്നതാണ് പ്രസ്താവന. ഈ നീക്കത്തിലൂടെ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയ്ക്കും ലെബനന് നേരെയുള്ള ആക്രമണത്തിന്റെയും ഉത്തരവാദി ഇസ്രഈലാണെന്ന് ആഗോള സമൂഹത്തിന് ബോധ്യപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയും വംശീയ സമത്വവും അംഗീകരിക്കപ്പെടണമെന്നും കറുത്ത മുസ്‌ലിം വിഭാഗങ്ങളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഒരുപക്ഷെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗസയെ സംബന്ധിക്കുന്ന യു.എസിന്റെ തീരുമാനങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഒരു വിഭാഗം മുസ്‌ലിങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ ചിന്താഗതിയോട് തങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും പ്രസ്താവന വ്യക്തമാക്കി.

വംശഹത്യയില്‍ പങ്കാളിയായ ഒരു വ്യക്തിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 20ന് ഗസയിലെ വെടിനിര്‍ത്തലിനെയും ഇസ്രഈലിന് നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുന്നതിനെയും പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ യു.എസിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ ഒരു കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ മൂന്നാം കക്ഷിയ്ക്ക് വോട്ട് ചെയ്യണമെന്നും മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്യുകയുണ്ടായി. തീരുമാനം ബൈഡനും കമലയ്ക്കുമുള്ള സന്ദേശമാകണമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാഴ്ചക്കകം നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള നിരവധി ആഹ്വാനങ്ങള്‍ യു.എസിലുണ്ടാകുന്നത്. നിലവില്‍ കൂടുതല്‍ മുസ്‌ലിം വോട്ടര്‍മാരുടെ പിന്തുണ അറിയാനുള്ള ശ്രമത്തിലാണെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തിന് യു.എസ് ഇസ്രഈലിന് പിന്തുണ നല്‍കിയതോടെ അമേരിക്കയിലെ വലിയ ഒരു ഭാഗം മുസ്‌ലിങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചിരുന്നു. പരസ്യമായി ബൈഡന്‍ സര്‍ക്കാരിനെതിരെ മുസ്‌ലിങ്ങള്‍ യു.എസിന്റെ തെരുവുകളില്‍ ഫലസ്തീന് വേണ്ടി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ അമേരിക്കക്കാര്‍ കമല ഹാരിസിന് വോട്ട് ചെയ്യാന്‍ മടിക്കുന്നതായി ഡെമോക്രാറ്റിക് കമ്മ്യൂണിറ്റി നേതാവ് സ്വദേശ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റോളില്‍ പ്രവര്‍ത്തിച്ചിട്ടും കാര്യമായ പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ലെന്ന കാരണത്താലാണ് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ മടിക്കുന്നതെന്നാണ് സ്വദേശ് ചാറ്റര്‍ജി പറയുന്നത്.

Content Highlight: Black Muslims in the U.S are calling on them not to vote for Kamala Harris