മോദിയുടെ പേരില്‍ ഒതുങ്ങിയ ബി.ജെ.പിയുടെ ദേശീയതക്ക് ജനങ്ങള്‍ ഒരു മഹത്വം കല്‍പ്പിക്കുന്നില്ല: പ്രിയങ്കാഗാന്ധി
D' Election 2019
മോദിയുടെ പേരില്‍ ഒതുങ്ങിയ ബി.ജെ.പിയുടെ ദേശീയതക്ക് ജനങ്ങള്‍ ഒരു മഹത്വം കല്‍പ്പിക്കുന്നില്ല: പ്രിയങ്കാഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 11:29 am

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ദേശീയതയില്‍ ജനങ്ങള്‍ യാതൊരു മഹത്വവും കല്‍പ്പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയുടെ ദേശീയത ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി.

കോണ്‍ഗ്രസും ദേശീയതയെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് പ്രിയങ്ക പറഞ്ഞു

‘ഞങ്ങള്‍ പറയാറുള്ളത് രാജ്യത്തെ ജനങ്ങളെ കേള്‍ക്കൂ എന്നാണ്..കര്‍ഷകരുടെ, യുവാക്കളുടെ സൈനികരുടെ, തൊഴിലാളികളുടെ, സ്ത്രീകളുടെ ശബ്ദം കേള്‍ക്കൂ എന്നാണ് ‘ ഇതൊക്കെയും ഉള്‍ക്കൊള്ളുന്നതാണ് ദേശീയത. ജനങ്ങളെ കേട്ടുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.’ പ്രിയങ്ക പറഞ്ഞു.

വരുമാനത്തെക്കുറിച്ചും, തൊഴിലിനെക്കുറിച്ചും, കര്‍ഷക പ്രതിസന്ധികളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരാതിരിക്കാന്‍ ചില ആളുകള്‍ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും ഭീരുത്വത്തോടെ ജീവിക്കാന്‍ കഴിയാത്തിാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സഹോദരന്‍ സന്തോഷവാനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി.

നേരത്തെ രാഹുല്‍ഗാന്ധിക്കെതിരെയും പ്രിയങ്കക്കെതിരെയും രൂക്ഷ വിമര്‍ശനമായിരുന്നു സ്മൃതി ഇറാനി ഉയര്‍ത്തിയത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പൂണൂല്‍ ധരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് ഗംഗാ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നവരാണ് ഇവരിരുവരും എന്നാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം.