Kerala News
ഉപതെരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് ബി.ജെ.പി വിട്ട് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടി കോട്ടയിലെ തിരിച്ചടിയില്‍ ഭയന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 06:26 am
Thursday, 17th October 2019, 11:56 am

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബി.ജെ.പിയില്‍ പൊട്ടിത്തെറി നടന്നിരുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്ന സ്ഥിതി വരെ ഉണ്ടായി. കുമ്പളം, മഞ്ചേശ്വരം പഞ്ചായത്ത് ബി.ജെ.പി കമ്മറ്റികളാണ് അന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ രംഗത്ത് വന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം അന്ന് പരഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ ബി.ജെ.പിയ്ക്ക് അധികാരമുണ്ടായിരുന്ന പഞ്ചായത്തുകളിലൊന്നായിരുന്ന എന്‍മകജെ പഞ്ചായത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബി.ജെ.പിയക്ക് പ്രശ്‌നമായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടുള്ള പ്രശ്‌നം തന്നെയാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.കുഞ്ഞണ്ണ നായക്ക്, കെ.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഷാളണിയിച്ച് സ്വീകരിച്ചു.

ഇനിയും ഒട്ടേറെ കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പാര്‍ട്ടി വിട്ടവരും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ