Advertisement
national news
തെരഞ്ഞെടുപ്പിന് മുന്‍പായി ഇന്ത്യയില്‍ യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എന്‍.ഡി.എ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 01, 06:12 am
Friday, 1st March 2019, 11:42 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് രണ്ട് വര്‍ഷം മുന്‍പ് ചില ബി.ജെ.പി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതായി നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണ്‍. കടപ്പ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ജനസേനാ തലവന്‍ കൂടിയായ പവന്‍ കല്യാണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യയില്‍ യുദ്ധം വരുമെന്ന സൂചന രണ്ട് വര്‍ഷം മുന്‍പേ ലഭിച്ചിരുന്നു. എന്ത് തരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം- പവന്‍ കല്യാണ്‍ പറഞ്ഞു. ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷിയായിരുന്നു ജനസേന.

ഇന്ത്യയും പാക്കിസ്ഥാനും ഇപ്പോള്‍ യുദ്ധത്തിന്റെ വക്കിലാണ് നില്‍ക്കുന്നത്. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന ആക്രമണമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്നും പവന്‍ പറഞ്ഞു. യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇരു രാജ്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങളാണ് യുദ്ധം വരുത്തിവെക്കാന്‍ പോകുന്നത്.

രാജ്യസ്‌നേഹമുള്ള ഏക ആളുകള്‍ ബി.ജെ.പിക്കാരാണെന്ന അവരുടെ ധാരണ ശരിയല്ലെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. ദേശസ്‌നേഹം എന്നത് ബി.ജെ.പിയുടെ മാത്രം കുത്തകയല്ല. അവര്‍ക്ക് മാത്രമല്ല സ്വന്തം രാജ്യത്തോട് സ്‌നേഹമുള്ളത്. അവരേക്കാള്‍ 10 ഇരട്ടി രാജ്യസ്‌നേഹമുള്ളവരാണ് നമ്മള്‍ ഓരോരുത്തരും.

ഇന്ത്യയില്‍ കഴിയുന്ന മുസ്‌ലീങ്ങള്‍ അവരുടെ രാജ്യസ്‌നേഹം തെളിയിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. അതിന്റെ എന്ത് ആവശ്യമാണ് ഉള്ളത്. സമൂഹത്തില്‍ വര്‍ഗീയത ഇളക്കിവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഏത് ശ്രമത്തേയും ചെറുക്കും.


അച്ഛന്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യങ്ങള്‍ ചോദിക്കണം; അഭിനന്ദന്റെ മകനോട് പാക് നടന്‍ ഹംസ അലി അബ്ബാസി


ഇന്ത്യയില്‍ ഏതൊരു പൗരനും ഉള്ള അവകാശങ്ങള്‍ മുസ്‌ലീങ്ങള്‍ക്കും ഉണ്ട്. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്ത്യക്കാര്‍ അവരുടെ ഹൃദയത്തില്‍ മുസ്‌ലീങ്ങളെ കൊണ്ടുനടക്കും. അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ആയതും അബ്ദുള്‍ കാലം ഇന്ത്യന്‍ രാഷ്ട്രപതി ആയതും- പവന്‍ കല്യാണ്‍ പറഞ്ഞു. നടന്‍ ചിരഞ്ജീവിയുടെ ഇളയസഹോദരന്‍ കൂടിയാണ് പവന്‍.

നേരത്തെ പുല്‍വാമ ഭീകരാക്രമണം കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ നടന്നതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയും രംഗത്തെത്തിയിരുന്നു.

മിക്ക സര്‍ക്കാരുകളും വ്യാജ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും മോദിയുടെ ഭരണത്തിലാണ് ഇത് കൂടുതല്‍ നടക്കുന്നത് എന്നുമായിരുന്നു താക്കറെയുടെ പ്രസ്താവന.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ ബലിയാടുകളായതാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ അന്വേഷണം നടത്തിയാല്‍ പുല്‍വാമ ആക്രമണത്തിന്റെ ചുരുളഴിയുമെന്നും താക്കറെ പറഞ്ഞിരുന്നു.