Advertisement
Kerala News
ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശങ്ങള്‍ ദ്വയാര്‍ത്ഥ പ്രയോഗം തന്നെ; ജാമ്യം പരിഗണിക്കാം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
1 day ago
Tuesday, 14th January 2025, 11:12 am

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്നും ഉച്ചയോടെ വെബ്‌സൈറ്റിലൂടെ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വാക്കാലുള്ള ഉത്തരവിലൂടെ വ്യക്തമാക്കി.

ബോബി ചെമ്മണ്ണൂരിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തെയും കോടതി വിമര്‍ശിച്ചു. എന്തിനാണ് ഇയാള്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നതെന്നും ബോബിയുടെ പരാമര്‍ശങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗമില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.

പൊലീസിന് ഇനിയും ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണ്ടന്നതും ആവശ്യവും അന്വേഷണവും ചോദ്യം ചെയ്യലും ഏകദേശം പൂര്‍ണമായ കാര്യവും പരിഗണിച്ചാണ് കോടതി ജാമ്യം പരിഗണിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹരജിയില്‍ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നും കോടതി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോള്‍ നടി മാന്യതയോടെ പെരുമാറിയത് അവരുടെ ഡീസന്‍സി കൊണ്ടാണെന്നും മാന്യതയുടെ പ്രതീകമായി കണക്കാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂര്‍ സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പലതവണ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന ആളാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം ബോബി ചെമ്മണ്ണൂരിന്റെ കസ്റ്റഡി ഇനി ആവശ്യമുണ്ടോയെന്ന് ചോദിച്ച കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ജനം മനസിലാക്കണമെന്നും വ്യക്തമാക്കി.

ആറ് ദിവസമായി ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജയിലില്‍ റിമാന്റിലാണ്. നടി ഹണി റോസിനെതിരായ ലൈഗികാതിക്രമ കേസിലാണി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്.

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന് മുന്നിലാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹരജി എത്തിയത്. ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

പൊതു സ്ഥലങ്ങളില്‍ സംസാരിക്കുമ്പോള്‍ ഇത്തരം ഭാഷയാണോ ഉപയോഗിക്കേണ്ടതെന്നും ചോദിച്ച കോടതി എാവര്‍ക്കും മാനാഭിമാനം ഉണ്ടല്ലോ എന്ന് മറുപടി നല്‍കുകയും ഹരജി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ചൊവ്വാഴ്ചത്തേക്ക് മാറ്റാമെന്നും നേരത്തെ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നല്‍കിയത്.

നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു.

ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു.

Content Highlight: Bobby Chemmannur’s remarks are ambiguous; Bail may be considered: High Court