പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ച് പറഞ്ഞത് അദ്ദേഹത്തേയും പിതാവിനേയും അപമാനിക്കുന്നതിന് തുല്യം; കോൺ​ഗ്രസ് നേതാവിനെതിരെ പ്രതിഷേധാഹ്വാനവുമായി ബി.ജെ.പി
national news
പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ച് പറഞ്ഞത് അദ്ദേഹത്തേയും പിതാവിനേയും അപമാനിക്കുന്നതിന് തുല്യം; കോൺ​ഗ്രസ് നേതാവിനെതിരെ പ്രതിഷേധാഹ്വാനവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2023, 10:49 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് തെറ്റിച്ച് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് വക്താവ് പവന്‍ കുമാര്‍ ഖേരയ്‌ക്കെതിരെ പ്രതിഷേധാഹ്വാനവുമായി ബി.ജെ.പി. പ്രധാനമന്ത്രിയുടെ പേര് കൃത്യമായി ഉച്ഛരിക്കാന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പിതാവിനേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തെറ്റിച്ച് പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗതം ദാസ് മോദി എന്നായിരുന്നു ഖേര വിശേഷിപ്പിച്ചത്.

പിന്നീട് ട്വിറ്ററിലൂടെ തനിക്ക് കണ്‍ഫ്യൂഷന്‍ ആയതാണെന്നും തെറ്റ് ഏറ്റുപറയുന്നുവെന്നും വ്യക്തമാക്കി ഖേര രംഗത്തുവന്നിരുന്നു.

അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്യുകയായിരുന്നു ഖേര.

‘പാര്‍ലമെന്റിലെ ചോദ്യങ്ങളില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുമാറുന്നത് എന്തിനാണ്? ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയെ നിങ്ങള്‍ക്ക് ഭയമാണോ? വാജ്‌പേയിയും പി.വി നരസിംഹറാവുവും ഉള്‍പ്പെടെയുള്ളവര്‍ വരെ ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റികളെ നിയോഗിച്ച ചരിത്രമുണ്ട്. നരേന്ദ്ര ഗൗതം ദാസിന്, ദാമോദര്‍ ദാസിന് എന്താണ് ജെ.പി.സിയോടുള്ള പ്രശ്‌നം? ഗൗതം അല്ലല്ലോ ദാമോദര്‍ ദാസ് അല്ലേ,’ എന്നായിരുന്നു ഖേര പ്രസംഗത്തിനിടെ പറഞ്ഞത്.

ദാമോദര്‍ ദാസ് ആയാലും മോദിയുടെ അത്യാഗ്രഹം ഗൗതം ദാസിനെ പോലെയാണെന്നും പിന്നീട് തമാശരൂപേണ ഖേര പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് പിന്നീട് വൈറലായത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ഖേരയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കോണ്‍ഗ്രസ് രാജ്യത്ത് നിന്നും തുടച്ചുനീക്കപ്പെടുമെന്നായിരുന്നു ഷായുടെ പ്രതികരണം.

‘2019ല്‍ രാഹുല്‍ ഗാന്ധി മോദിജിയെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു. എന്നിട്ട് എന്തുണ്ടായി? കോണ്‍ഗ്രസിന് പ്രതിപക്ഷ പദം നഷ്ടമായി. ഇനിയുണ്ടാകുന്നത് കോണ്‍ഗ്രസെന്ന വംശത്തിന്റെ നാശമായിരിക്കും,’ ഷാ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഇ.ഡിക്കെതിരേയും ഖേര വിമര്‍ശമുന്നയിച്ചിരുന്നു.

‘കാലം മാറുകയാണ്. ചില സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്കും സര്‍ക്കാരുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. 2024 അടുത്തു വരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയായി മാറിയ ഇ.ഡി ഓഫീസര്‍മാരോട് എനിക്ക് ഒരു കാര്യം ഓര്‍മ്മിപ്പിക്കാനുണ്ട്, ഈ കാലം പെട്ടെന്ന് മാറും,’ ഖേര പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ ഇത്തരം കുതന്ത്രങ്ങള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് തലകുനിക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പ്ലീനറി സമ്മേളനം നിശ്ചയിച്ച പ്രകാരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റായ്പൂരില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡില്‍ ഉടനീളം കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയതും വിവാദമായിരുന്നു.

Content Highlight: BJP to protest against congress spokesperson for mis spelling Pm Mod’s name