ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതിയ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ ലഖിറാം ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍.
‘പാര്‍ട്ടിയില്‍ അച്ചടക്കം പ്രധാനമാണ്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിശദീകരണം നല്‍കാന്‍ 7 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്’, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബന്‍സിധര്‍ ഭഗത് പറഞ്ഞു.
ഒരാഴ്ചയ്ക്കകം മറുപടി നല്‍കാതിരുന്നാലോ, വിശദീകരണം തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താല്‍ പാര്‍ട്ടിയില്‍ നിന്ന് ആജീവനാന്തം പുറത്താക്കുമെന്ന് വൈസ് പ്രസിഡന്റ് ദേവേന്ദ്രഭാസിന്‍ പറഞ്ഞു.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയ നേതാവാണ് ലഖിറാം ജോഷി. ഇതേത്തുടര്‍ന്നാണ് അച്ചടക്കനടപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.
അതേസമയം നേതൃത്വത്തിന്റെ നടപടിയ്‌ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്റെ നടപടി അനവസരത്തിലാണെന്ന് വിമര്‍ശനമുയരുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക