വിചാരധാര വായിച്ചാല്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്യും; മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ മോദി അനുകൂല വികാരം: കെ. സുരേന്ദ്രന്‍
Kerala News
വിചാരധാര വായിച്ചാല്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്യും; മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ മോദി അനുകൂല വികാരം: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2023, 1:11 pm

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ കള്ളപ്രചരണങ്ങള്‍ വിശ്വസിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മത ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എല്‍.ഡി.എഫിനും യു.ഡി.എഫിനും മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

മുസ്‌ലിം വിഭാഗവുമായുള്ള അകല്‍ച്ച കുറക്കാനുള്ള നിരവധി കാര്യങ്ങള്‍ ബി.ജെ.പി ആലോചിക്കുന്നുണ്ടെന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ മോദിക്ക് അനുകൂലമായ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം വിഭാഗത്തിലെ സമ്പന്നരുടെ കാര്യങ്ങള്‍ മാത്രമേ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ശ്രദ്ധിക്കുന്നുള്ളു. നരേന്ദ്രമോദി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്‌ലിങ്ങള്‍ക്കൊപ്പമാണ്. പിന്നാക്ക മുസ്‌ലിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ മുസ്‌ലിങ്ങള്‍ അത് മനസിലാക്കണം.

മുസ്‌ലിം സ്ത്രീകളുടെ ജീവല്‍ പ്രശ്‌നമായ മുത്തലാഖ് നിരോധിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതിന് ശേഷം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ മോദിക്ക് അനുകൂലമായ ഒരു വികാരം ഉണ്ട്. മുസ്‌ലിം സമുദായവുമായും സമ്പര്‍ക്കം ബി.ജെ.പി ആഗ്രഹിക്കുന്നു,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

വിചാരധാര വായിച്ചാല്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ഇങ്ങനെയൊരു പരീക്ഷണം ഗോവയില്‍ കോണ്‍ഗ്രസ് നടത്തിയപ്പോള്‍ അതാണ് വ്യക്തമായതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘വോട്ട് ബാങ്കായിട്ടാണ് ന്യൂനപക്ഷങ്ങളെ എല്‍.ഡി.എഫും യു.ഡി.എഫും കണ്ടത്. വിശേഷ ദിവസങ്ങളില്‍ ഞങ്ങള്‍ ക്രൈസ്തവ വീടുകള്‍ സന്ദര്‍ശിച്ചു. അവര്‍ പറയുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ മാതൃക സ്വീകരിക്കണം എന്നാണ്.
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ കള്ളപ്രചരണങ്ങള്‍ വിശ്വസിക്കില്ല.

ഞങ്ങള്‍ ഒരു ഗൃഹസന്ദര്‍ശനം നടത്തിയപ്പോഴേക്കും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അസ്വസ്ഥരായി. എല്ലാ വിഭാഗം ജനങ്ങളും മോദിയുടെ കാഴ്ചപ്പാടിനോടും ബി.ജെ.പി നിലപാടിനോടും അടുക്കുന്നത് അവര്‍ക്കിഷ്ടമില്ല,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.