'ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാവും, തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാം'; എല്‍.ഡി.എഫ് സമരത്തിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എല്‍.ഡി.എഫ് സമരത്തെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ തോറ്റത്തിനാണ് സമരമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാന്‍ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണമെന്നും, ഗവര്‍ണര്‍ക്കെതിരായ എല്‍.ഡി.എഫ് സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സാങ്കേതിക സര്‍വകലാശാല വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും, ഇനി തെരുവില്‍ നേരിടാനാണ് ഉദ്ദേശമെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍.എസ്.എസുകാരനായി സി.പി.ഐ.എം മുദ്രകുത്തുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും. ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു സി.പി.ഐ.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ സംയുക്ത വാര്‍ത്താസമ്മേളനം.
ഗവര്‍ണര്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരമാണ് ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കോടതി ആകേണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം. നവംബര്‍ രണ്ടിന് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും.
Content Highlight: BJP State president K Surendran Criticizing LDF Protest Against Governor Arif Mohammed Khan