ബി.ജെ.പിയില്‍ ഒറിജിനലും ഡ്യൂപ്ലിക്കറ്റും: വിമര്‍ശനവുമായി ജസ്വന്ത് സിങ്
India
ബി.ജെ.പിയില്‍ ഒറിജിനലും ഡ്യൂപ്ലിക്കറ്റും: വിമര്‍ശനവുമായി ജസ്വന്ത് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd March 2014, 2:20 pm

[share]

[]ന്യൂദല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പിയില്‍ ഇപ്പോള്‍ രണ്ട് വിഭാഗമാണ് ഉള്ളതെന്ന് ജസ്വന്ത് സിങ്. ഒറിജിനലും ഡ്യൂപ്ലിക്കറ്റുമുള്ള പാര്‍ട്ടിയില്‍ കടിഞ്ഞാണ്‍ ഡ്യൂപ്ലിക്കേറ്റു വിഭാത്തിന്റെ കൈയിലാണ്. ഈ പ്രതിഭാസം ഏറെ നാള്‍ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ജസ്വന്ത് സിംഗ് തന്റെ ജന്മ നാടായ ബാര്‍മറില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതിനിടെ മുതിര്‍ന്ന നേതാവും ലോകസഭ പ്രതിപക്ഷനേതാവുമായ സുഷമ സ്വരാജ് ജസ്വന്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

സീറ്റ് നിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ജസ്വന്ത് സിങ് രാജിവെയ്ക്കാനൊരുങ്ങുന്നെന്ന് സൂചനയുണ്ട്. പാര്‍ട്ടി വിടുന്ന ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് അറിയുന്നത്. ബാര്‍മറില്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന വാദവും ശക്തമാണ്.

അതേ സമയം മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ എം.ജെ അക്ബര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇദ്ദേഹത്ത ബി.ജെ.പി വക്താവായി നിയമിക്കാന്‍ സാധ്യയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കുമെന്നും സൂചനയുണ്ട്.

76കാരനായ തന്റെ അവസാനത്തെ പൊതു തിരഞ്ഞെടുപ്പ് മത്സരമാണിതെന്ന് പറഞ്ഞ ജസ്വന്ത് തന്റെ ജന്മനാടായ ബാമറില്‍ നിന്ന മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബാമറില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി ഇത് തള്ളിക്കണയുകായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ റിട്ട. കേണല്‍ സോന റാം ചൗധരിയെയാണ്് ബാമറില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നിലപാടാണ് ജസ്വന്തിന് പകരം ബാര്‍മറില്‍ കേണല്‍ ചൗധരിയെ മത്സരിപ്പിക്കാന്‍ വഴിയൊരുക്കിയത്. ബാര്‍മര്‍ മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ട് ജാട്ട് സമുദായത്തിന്റേതാണെന്നും ജാട്ട് സമുദായ അംഗമായ കേണല്‍ ചൗധരിയിലൂടെ ഈ വോട്ടുകള്‍ നേടാമെന്നുമാണ് വസുന്ധര രാജെ പാര്‍ട്ടിയെ അറിയിച്ചത്.