ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ബി.ജെ.പി ഒരു മാതൃകയാക്കണമെന്ന് എന്‍.സി.പി നേതൃത്വം. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലുണ്ടായ കലാപത്തില്‍ ബി.ജെ.പിയും മാപ്പ് പറയണമെന്നും എന്‍.സി.പി നേതാക്കള്‍ പറഞ്ഞു.
‘ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊഴമാണ്. ഗുജറാത്ത് കലാപം ഏറ്റവും വലിയ തെറ്റായിരുന്നു എന്ന സത്യം അംഗീകരിക്കാനുള്ള സമയമായി’, എന്‍.സി.പി വക്താവും മഹാരാഷ്ട്രമന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു.
45 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഒരു തെറ്റായ തീരുമാനമാണെന്ന് സമ്മതിച്ചിരിക്കുകയാണെന്നും സമാനമായ രീതിയില്‍ മോദിയും ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയാന്‍ സമയമായെന്നും മാലിക് പറഞ്ഞു.
കഴിഞ്ഞദിവസമാണ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞത്. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
‘അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് അനുവദിക്കില്ല.’, രാഹുല്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ ചോദ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയും പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചെന്നും അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക