കൊല്‍ക്കത്ത: തങ്ങളുടെ എം.എല്‍.എമാര്‍ക്ക് സുരക്ഷ ഉദ്യോഗസ്ഥരെ അനുവദിക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം. നേതൃത്വത്തിന്റെ തീരുമാനം പല എം.എല്‍.എമാരും നിരസിച്ചു.
ഈ തീരുമാനം പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നും മറ്റ് പാര്‍ട്ടികളിലൊന്നും ഇത്തരമൊരു പ്രവണതയില്ലെന്നും എം.എല്‍.എമാര്‍ പറയുന്നു.
പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ച സുരക്ഷ തനിക്ക് വേണ്ടെന്നാണ് സി.പി.ഐ.എം വിട്ട് ബി.ജെ.പിയിലെത്തിയ സിലിഗുരിഎം.എല്‍.എ ശങ്കര്‍ ഘോഷ് പറഞ്ഞത്.
‘ഇത്തരമൊരു ആശയം ഇല്ലാത്ത രാഷ്ട്രീയ ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ മണ്ഡലത്തില്‍ സ്വന്തം സ്‌കൂട്ടറില്‍ സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുമായി ഇഴുകിചേര്‍ന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ സഞ്ചാരത്തിനൊപ്പം ഞാന്‍ കേന്ദ്രസേനയെ കൊണ്ടുപോയാല്‍ എനിക്കെന്റെ വോട്ടര്‍മാരെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനാവില്ല,’ ശങ്കര്‍ ഘോഷ് പറഞ്ഞു.
സമാന അഭിപ്രായമാണ് ദാബഗ്രാം-ഫുല്‍ബരി എം.എല്‍.എ ശിഖ ചതോപാധ്യായയും പങ്കുവെച്ചത്. തന്റെ തീരുമാനം പാര്‍ട്ടിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ വിട്ട് വന്ന 13 എം.എല്‍.എമാര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മുഴുവന്‍ എം.എല്‍.എമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു.