ലഖ്‌നൗ: മഹാത്മ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന എന്നിവരുടെ പേരുകള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഒരുമിച്ച് പരാമര്‍ശിച്ചതിനെ ചോദ്യം ചെയ്ത് ബി.ജെ.പി.
പട്ടേലിന്റെ 146ാം ജന്മവാര്‍ഷിക ദിനത്തില്‍, ഞായറാഴ്ച ഹര്‍ദോയിയില്‍ വെച്ച് നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന പേരിലായിരുന്നു ഇവരെക്കുറിച്ച് അഖിലേഷ് സംസാരിച്ചത്.
”നാടിനെ മനസിലാക്കി അതിനനുസരിച്ചായിരുന്നു സര്‍ദാര്‍ പട്ടേല്‍ തീരുമാനങ്ങളെടുത്തിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉരുക്കുമനുഷ്യന്‍ എന്ന് വിളിക്കുന്നത്.
ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതവും, കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ സമരങ്ങളും ഓര്‍ക്കണം.
പട്ടേലിന്റെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇന്നത്തെ ഭരണാധികാരികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ഇന്ന് തന്നെ വിവാദമായ ആ മൂന്ന് കാര്‍ഷിക നിയമങ്ങളും അവര്‍ പിന്‍വലിക്കണം.
സര്‍ദാര്‍ പട്ടേല്‍ ജി, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ജിന്ന എന്നിവരെല്ലാം ഒരേ സ്ഥലത്ത് ഒരേ സ്ഥാപനത്തില്‍ പഠിച്ച് അഭിഭാഷകരായവരായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്,” എന്നായിരുന്നു അഖിലേഷ് പറഞ്ഞത്.
1948ല്‍ ഗാന്ധിയുടെ വധത്തിന് പിന്നാലെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിന് നിരോധനമേര്‍പ്പെടുത്തിയതിനെക്കുറിച്ചും അഖിലേഷ് യാദവ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
അതേസമയം അഖിലേഷിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് ബി.ജെ.പി നേതാവ് സ്വതന്ത്ര ദേവ് സിംഗ് രംഗത്തെത്തി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സംസാരിക്കുമ്പോള്‍ അഖിലേഷ് എന്തിനാണ് പാകിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ സ്മരിച്ചത് എന്നായിരുന്നു ദേവ് സിംഗ് ട്വീറ്റിലൂടെ ചോദിച്ചത്.