പട്‌ന: കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കി ബീഹാറില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം.
ബീഹാറിലെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികളും ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. 2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികളെയും സൃഷ്ടിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.
”കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്,’ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
എന്‍.ഡി.എ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. ബീഹാറിലെ ജി.ഡി.പി മൂന്ന് ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നുവെന്നന്നും അവര്‍ പറഞ്ഞു.
അതേസമയം, ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന്റെ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ തേജസ്വി യാദവിനെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. കാലിത്തീറ്റ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ കൂടി പരോക്ഷമായി വിമര്‍ശിച്ചായിരുന്നു നിതീഷിന്റെ മറുപടി.