കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് സ്ഥാനമില്ലെന്ന് വീണ്ടും ഉറപ്പിക്കുകയാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ വലിയ പ്രചരണമാണ് എല്ലാ മുന്നണികളും മണ്ഡലത്തില്‍ നടത്തിയിരുന്നത്. വലിയ മാധ്യമ വിസിബിലിറ്റിയും ഈ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.
കേന്ദ്ര മന്ത്രിമാരെയടക്കം ഇറക്കി ബി.ജെ.പിയും അവരെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു. മുന്നണിയിലെ ഇടത്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം തന്നെയാണ് മുഖ്യധാര മാധ്യമങ്ങളും ബി.ജെ.പി പ്രചരണങ്ങള്‍ക്കും ഇടം നല്‍കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബി.ജെ.പിയുടെ അവസ്ഥ അതിദയനീയമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11694 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. എൻ. ഹരിയായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. 2016ലും ബി.ജെ.പിക്ക് 15000ന് മുകളില്‍ വോട്ടുണ്ടായിരുന്നു.
എന്നാലിപ്പോള്‍ അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് 6,447ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് ലഭിച്ച വോട്ട്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലും തരത്തില്‍ മുന്നോട്ടുവരാന്‍ ലിജിന്‍ ലാലിന് കഴിഞ്ഞില്ല. ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ അഞ്ചൂറില്‍ താഴെ വോട്ട് മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം. വോട്ടെണ്ണലില്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അവസാനം ലഭിച്ച കണക്കുകള്‍ അനുസരിച്ച് 74,456 വോട്ട് നേടി ആധികാരികമായി തന്നെയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ച് കയറിയത്. 37,213 ആണ് ഭൂരിപക്ഷം(അന്തിമ കണക്കല്ല).