Madhya Pradesh
'കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ സര്‍ക്കാര്‍ പദ്ധതികള്‍ തരില്ല'; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി മന്ത്രി (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 18, 01:05 pm
Sunday, 18th February 2018, 6:35 pm

ഭോപ്പാല്‍: വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി മന്ത്രി. കോണ്‍ഗ്രസിന് വോട്ടുചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല്‍ യോജനയുടെ സഹായം നല്‍കില്ലെന്നാണ് ബി.ജെ.പി മന്ത്രിയായ യശോധര രാജെ സിന്ദെയുടെ ഭീഷണി. മധ്യപ്രദേശിലെ ശിവപുരിയില്‍ നിന്നുള്ള എം.എല്‍.എയാണ് യശോധര രാജെ.

“എന്തുകൊണ്ടാണ് ഈ ഗ്യാസ് പദ്ധതി മുന്‍പ് ഇല്ലാതിരുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത് ബി.ജെ.പിയുടെ പദ്ധതിയാണ്. കോണ്‍ഗ്രസിനാണ് നിങ്ങള്‍ വോട്ടു ചെയ്യുന്നതെങ്കില്‍ ഈ പദ്ധതിയുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.” -യശോധര രാജെ പറഞ്ഞു.

കൊലരസ് നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലാണ് അവര്‍ വിവാദപരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും അഭിമാനപോരാട്ടമാണ് കൊലരസിലേത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് കൊലരസ് നിയമസഭാ മണ്ഡലം സ്ഥിതി ചെയ്യുന്നത്.

അതേസമയം മന്ത്രിയുടെ ഭീഷണിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി ചെയതത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമനാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് യശോധര പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നു.

വീഡിയോ: