ന്യൂദല്‍ഹി: ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനു നേരെ ആക്രമണം. ബുധനാഴ്ച അര്‍ധ രാത്രി മീററ്റിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് സംഭവം. അക്രമികള്‍ വീടിനുനേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
നാലഞ്ചുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കാറിലാണ് ഇവരെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് സോം വീട്ടിലുണ്ടായിരുന്നു. സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് 32 ഗാര്‍ഡുകള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
“എനിക്ക് യാതൊരു ഭീഷണിയും ലഭിച്ചിട്ടില്ല. പക്ഷേ ഉണ്ട്, രണ്ടുവര്‍ഷം മുമ്പ് ഒരു കോള്‍ വന്നിരുന്നു. ഗ്രനേഡ് ഉപയോഗിച്ച് എന്നെ കൊല്ലുമെന്ന്.” എന്നാണ് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സംഗീത് സോം പറഞ്ഞത്.
Also Read:497 ഏറ്റവും സ്ത്രീവിരുദ്ധമായ വകുപ്പ്; ഒരേ സ്വരത്തില്‍ അഞ്ച് ജഡ്ജിമാരും
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.
2013ലെ മുസാഫിര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയനായിരുന്നു സംഗീത് സോം. 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയശേഷം സോമിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ചില്‍ സോം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടിയിരുന്നു. തീവ്രവാദ സംഘടനകളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നായിരുന്നു തന്റെ ഹര്‍ജിയില്‍ സോം വാദിച്ചത്.