Advertisement
national news
'മുസ്‌ലിം സ്ത്രീകളെ തെരുവിലിട്ട് ലൈംഗികമായി ആക്രമിക്കണം'; വിദ്വേഷപ്രസ്താവന നടത്തിയ മഹിളാ മോര്‍ച്ചാ നേതാവിനെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 30, 03:46 pm
Sunday, 30th June 2019, 9:16 pm

ന്യൂദല്‍ഹി: ഹിന്ദു പുരുഷന്മാര്‍ മുസ്‌ലിം സ്ത്രീകളെ തെരുവിലിട്ട് ലൈംഗികമായി ആക്രമിക്കണമെന്നും അതിനുശേഷം അവരെ പരസ്യമായി കെട്ടിത്തൂക്കണമെന്നും ആഹ്വാനം ചെയ്ത മഹിളാ മോര്‍ച്ചാ നേതാവിനെ സംഘടനയില്‍ നിന്നു പുറത്താക്കി. ഫേസ്ബുക്കിലിട്ട പോസ്റ്റിലായിരുന്നു ഉത്തര്‍പ്രദേശിലെ രാംകോലയിലുള്ള മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ് ഗൗറിന്റെ ആഹ്വാനം.

ഹിന്ദിയിലിട്ട പോസ്റ്റ് പിന്നീട് പിന്‍വലിച്ചെങ്കിലും അതിനുള്ളില്‍ത്തന്നെ ഇത് ഏറെ വിവാദമായിരുന്നു. പോസ്റ്റ് ഇങ്ങനെയായിരുന്നു- ’10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര്‍ മാറുകയും എന്നിട്ട് അവരുടെ (മുസ്‌ലിങ്ങളുടെ) ഉമ്മമാരെയും സഹോദരിമാരെയും പരസ്യമായി തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കണം. എന്നിട്ടവരെ ചന്തയില്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി കെട്ടിത്തൂക്കണം.’

ഇന്ത്യ സംരക്ഷിക്കാന്‍ മുസ്‌ലിം ഉമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനം കൊള്ളയടിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും സുനിത പറഞ്ഞു.

ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുനിതയെ പുറത്താക്കുകയാണെന്നും മഹിളാ മോര്‍ച്ചയുടെ ദേശീയാധ്യക്ഷ വിജയ രഹത്കര്‍ അറിയിച്ചു. ജൂണ്‍ 27 മുതല്‍ സുനിത ഈ പദവിയിലില്ലെന്നും വിജയ വ്യക്തമാക്കി.

മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതാണ് ഹിന്ദു ശാക്തീകരണമെന്നാണ് സുനിത വിചാരിക്കുന്നതെന്ന് സി.പി.ഐ.എം പി.ബി അംഗം മുഹമ്മദ് സലിം ആരോപിച്ചു. മുസ്‌ലിങ്ങളെ പന്നിക്കുട്ടികളായി വരെ മുദ്രകുത്തുന്നതിലേക്ക് സുനിതയെത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഐ.പി.സി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് അദ്ദേഹം യു.പി പൊലീസിനോട് ആവശ്യപ്പെട്ടു.

ആദ്യമായല്ല സംഘപരിവാര്‍ നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ക്കൂടി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതെങ്കിലും ഒരു മഹിളാ മോര്‍ച്ചാ നേതാവ് നടത്തിയ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്.